സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി(ഐസിഎ)യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഐസിഎ വക്താവ് ബ്രിഗേഡിയർ ജനറൽ ഖാമിസ് അൽ കാബി പറഞ്ഞു.
വിദേശ വിമാന യാത്രാ നിയമത്തിൽ താൽക്കാലിക ഇളവ് വരുത്തിയതോടെയാണ് അധികൃതർ നടപടിക്രമങ്ങൾ വിശദീകരിച്ചത്. മാർച്ചിൽ രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ ആയിരക്കണക്കിന് യുഎഇ വീസക്കാരാണ് വിദേശരാജ്യങ്ങളിൽ കുടുങ്ങിയത്. ഇവർക്ക് ഘട്ടംഘട്ടമായി തിരിച്ചെത്താൻ സൗകര്യമൊരുക്കും.
യുഎഇയിൽ കുടുംബാംഗങ്ങളുള്ളവരും അവശ്യസേവന വിഭാഗത്തിൽ പെട്ടവർക്കുമാണ് തിരിച്ചെത്താൻ നിലവിൽ മുൻഗണന നൽകുന്നത്. കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുമെന്നും അൽകാബി പറഞ്ഞു.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണം. ∙ തിരിച്ചുവരുന്നതിനു മുൻപ് അംഗീകൃത ലബോറട്ടറികളിൽനിന്ന് പിസിആർ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ഏതെങ്കിലും വിദേശ രാജ്യത്ത് കോവിഡ് ടെസ്റ്റ് ചെയ്യാൻ സാധിക്കാതെ എത്തുന്നവരെ യുഎഇ എയർപോർട്ടുകളിൽ പരിശോധനാ വിധേയമാക്കും. തിരിച്ചെത്തി ഒരു മാസത്തിനകം രേഖകൾ പുതുക്കണം. നിലവിലെ എമിറേറ്റിനു പകരം മറ്റൊരു എമിറേറ്റിലാണ് ഇവർ വീസ എടുക്കുന്നതെങ്കിൽ മെഡിക്കൽ എടുക്കേണ്ടിവരും.
മാർച്ച് 1നു ശേഷം താമസ വീസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ ഒക്ടോബർ 11 വരെ സാവകാശമുണ്ട്. മാർച്ച് 1ന് ശേഷം സന്ദർശക, ടൂറിസ്റ്റ് വീസാ കാലാവധി കഴിഞ്ഞവർ ഓഗസ്റ്റ് 12നകം രാജ്യംവിടുകയോ മറ്റു വീസയിലേക്ക് മാറുകയോ ചെയ്യണം. മാർച്ച് 1ന് മുൻപാണ് സന്ദർശക, ടൂറിസ്റ്റ് വീസാ കാലാവധി തീർന്നതെങ്കിൽ ഓഗസ്റ്റ് 18നകവും രാജ്യം വിടുകയോ മറ്റു വീസയിലേക്ക് മാറുകയോ ചെയ്യണം.
വിനോദസഞ്ചാര മേഖല സജീവമായി വരുന്നതിനാൽ ഘട്ടം ഘട്ടമായി ടൂറിസ്റ്റ് വീസ അനുവദിച്ചു തുടങ്ങും. നിലവിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത് ദുബായ് മാത്രമാണ്. ഇതര എമിറേറ്റുകളുടെ പ്രഖ്യാപനം വൈകാതെയുണ്ടാകും. അതേസമയം, കോവിഡ് സാഹചര്യങ്ങളെ തുടർന്ന് സന്ദർശക വീസയിൽ തങ്ങുന്നവർ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് ബ്രിഗേഡിയർ ഖാമിസ് അൽ കാബി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല