സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് മാറ്റുന്നത് വിലക്ക് ഉത്തരവ്. മാൻപവർ അതോറിറ്റി മേധാവി അഹ്മദ് അൽ മൂസയാണ് ഉത്തരവ് ഇറക്കിത്. ജൂലൈ 14 മുതൽക്ക് തന്നെ ഉത്തരവിന് പ്രാബല്യമുണ്ടാവും.
എന്നാൽ, കുവൈത്ത് പൗരന്മാരെ വിവാഹം ചെയ്ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ ലൈസൻസുള്ള ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
65 വയസ്സിന് മുകളിലുള്ളവർക്ക് ഒരു കമ്പനിയിൽനിന്ന് മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ട്. ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇതിൽ ഇളവുണ്ടാവും. 65 വയസ്സുള്ളവരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട് വാക്കാൽ നിർദേശമാണ് ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുള്ളതെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഈ വിഭാഗത്തിൽ അതേ സ്പോൺസർക്ക് കീഴിൽ വിസ പുതുക്കാൻ അനുവാദമുണ്ടാവും. 60 വയസ്സിന് മുകളിൽ പ്രായമുള്ള 85,623 പേർക്കാണ് രാജ്യത്ത് ഇഖാമയുള്ളത്. ഇതിൽ 53,814 പേർക്ക് 60നും 64നും ഇടയിലാണ് പ്രായം. 31,809 പേർ 64 വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ 28,277 പേരും പുരുഷന്മാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല