സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് ‘പ്രേമലേഖന’വുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്.
സൈബർ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ലജ്ജിക്കണമെന്നും അഹാന കൂട്ടിച്ചേർത്തു.
‘നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇനിതെ പ്രതിരോധിക്കാനായി മാസ്കോ സാനിറ്റൈസറോ ഒന്നും നാം ഉപയോഗിക്കാറില്ല. ഈ മഹാമാരിയുടെ പേരാണ് സൈബർ ആക്രമണം. ഇതുതന്നെ പല തരത്തിലുണ്ട്. അതിലൊന്നിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അതാണ് ഫ്ലെയ്മിങ്. നമ്മുടെ സോഷ്യൽമീഡിയ പേജിൽ എത്തി മറ്റൊരാൾ വളരെ മോശമായ വാക്കുകൾ എഴുതുന്നതിനെയാണ് ഫ്ലെയ്മിങ് എന്നു പറയുന്നത്.’
‘ഞാനെന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നു, അപ്പോൾ മറ്റൊരാൾ അയാൾക്കു തോന്നുന്ന ധാര്‍മികമായ മറ്റൊരഭിപ്രായം എന്റെ കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നു. അതിനെ കുറച്ച് പേർ പിന്തുണയ്ക്കുന്നു. ഇത് സൈബർ ആക്രമണം അല്ല. പക്ഷേ ഇതിനെ ഏറ്റെടുത്ത് ഒരാളെ കൂട്ടമായി ആക്രമിക്കുന്ന ആളുകളുണ്ട്. അവർ അവിടെ ചിലപ്പോൾ എന്നെ തെറിവിളിക്കും, ലൈംഗികമായി അധിക്ഷേപിക്കും, കുടുംബാംഗങ്ങളെ മോശം പറയും. ഇതാണ് സൈബർ ആക്രമണം. ഇതല്ലാതെ വേറെയുമുണ്ട് സൈബർ ബുള്ളിയിങ്. ചില താരങ്ങളുടെ ഫോട്ടോയുടെ താഴെ മോശം കമന്റ് ഇടുന്നവരാണ് മറ്റൊരു കൂട്ടം.’
‘ഞാനും അനുഭവിച്ചിട്ടുണ്ട് ഈ സൈബർ ആക്രമണം. അന്ന് എനിക്ക് നേരെ ഈ തെറി വിളി ഉണ്ടായപ്പോൾ ഞങ്ങളെല്ലാം വീട്ടിലിരുന്ന് കരയുകയല്ല ചെയ്തത്. അതൊക്കെ എഴുതിയവരെ ഓർത്ത് സഹതപിക്കുകയായിരുന്നു. ഇതൊരു അസുഖമാണെങ്കിൽ, അല്ലെങ്കില്‍ ഈ സൈബർ ആക്രമണം നടത്തുന്ന ആളുകളെ കോമാളികളെപ്പോലെ നമ്മൾ കണ്ടാൽ അതാകും നല്ലത്. കുറേ വിവരമില്ലാത്ത ആളുകൾ എന്തൊക്കെയോ പിച്ചും പെയ്യും പറയുന്നു. അത് അവരുടെ പ്രശ്നമാണ്. നമ്മുടെ പ്രശ്നമല്ല. ഇവർ പറയുന്നത് ഓർത്ത് വിഷമിച്ചിരുന്നാൽ നമ്മുടെ അവസ്ഥ വളരെ മോശമായിരിക്കും.’
ഒരു മൊബൈൽ ഫോണും ആവശ്യത്തിലധികം സമയവും, മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്പോൾ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങൾ എങ്കിൽ നിങ്ങളും ഒരു സൈബർ അറ്റാക്കർ ആണെന്ന് അഹാന പറയുന്നു.
നിങ്ങൾ ഇത്തരത്തിൽ കമന്റുകൾ ഇടുമ്പോൾ അത് നിങ്ങൾ ആരാണെന്നും നിങ്ങളുടെ വ്യക്തിത്വം എന്താണെന്നുമാണ് കാണിക്കുന്നത്. എന്റെ വീട്ടുകാരെയല്ല, നിങ്ങളുടെ വീട്ടുകാരെയാണ് അത് പരിഹസിക്കുന്നത്. എനിക്കല്ല, നിങ്ങൾക്കാണ് വളർത്ത് ദോഷം. നിങ്ങളുടെ കമന്റിന് 250 ലൈക്ക് കിട്ടിയെങ്കിൽ ഈ ലോകത്ത് 250 സൈബർ അറ്റാക്കർമാർ കൂടിയുണ്ടെന്നാണ് അതിന് അർഥം എന്നും അഹാന പറയുന്നു.
തന്റെ ഈ വിഡിയോ കാണുമ്പോൾ, പറഞ്ഞ കാര്യങ്ങൾ ഒന്നും പോലും മനസിലാക്കാതെ ‘അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം’ എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, , അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം എന്നു പറഞ്ഞുകൊണ്ടാണ് അഹാന വിഡിയോ അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് കുറച്ച് നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിൽ ചിലർ വളരെ മോശമായ രീതിയിൽ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല