സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 12% വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ. അതേസമയം മരണനിരക്കിൽ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 38 പേർ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതോടെ യുകെയിൽ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 45,999 ആയി. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 302,301ആണ്. നിലവിലെ പ്രതിസന്ധി അവസാനിച്ചുവെന്ന് കരുതി തങ്ങളെത്തന്നെ വഞ്ചിക്കരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യാപനം കൂടുന്നതായുള്ള കണക്കുകൾ. 30 വ്യത്യസ്ത മേഖലകളിൽ വൈറസ് വ്യാപനം വർദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവുകൾ ബോറിസ് ജോൺസൺ എടുത്തു പറഞ്ഞിരുന്നു.
യൂറോപ്പ് കൊവിഡിന്റെ രണ്ടാം തരംഗം നേരിടാൻ ഒരുങ്ങുമ്പോൾ യുകെയിൽ മറ്റൊരു കൊറോണ വൈറസ് ദുരന്തം തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു.
അതിനിടെ കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ, കിഴക്കൻ ലങ്കാഷയർ, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ ലോക്കൽ ലോക്ക്ഡൌൺ ഏർപ്പെടുത്തി. ജനങ്ങൾ മറ്റുള്ള വീടുകൾ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കിയത് ആളുകൾ സാമൂഹിക അകലം പാലിക്കാത്തതിനാലാണെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.
അതേസമയം നടപടികളെക്കുറിച്ച് വ്യക്തതയില്ലാത്തതും “അർദ്ധരാത്രി“ പ്രഖ്യാപിച്ചതുമായ ലോക്ക്ഡൌണിനെതിരെ രൂക്ഷ വിമർശനവുമായി ലേബർ നേതാക്കൾ രംഗത്തെത്തി. ഈദ് ആഘോഷിക്കാൻ ഒരുങ്ങുന്ന മുസ്ലിം സമൂഹത്തിന് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്ന് സർക്കാരും സമ്മതിക്കുന്നുണ്ട്. അതിനാൽ ആരാധനാലയങ്ങൾ സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾക്ക് വിധേയമായി തുറക്കുമെന്നും അധികൃതർ അറിയിച്ചു.
ശമ്പള വർധനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും തെരുവിലിറങ്ങി. കൈയടിച്ചാൽ വയറു നിറയില്ലെന്നും ഈ ചതി പൊറുക്കാനാകില്ലെന്നും മുദ്രാവാക്യവുമായി നൂറുകണക്കിന് നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
“പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ഞങ്ങൾ സംരക്ഷിച്ചു. എന്നാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല,” എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ പ്ലക്കാർഡിലെ വാചകങ്ങൾ. കാര്യം കഴിഞ്ഞപ്പോൾ മുഖത്തടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ബിബിസി ഉൾപ്പെടെയുള്ള പല പ്രമുഖ മാധ്യമങ്ങളും നഴ്സുമാരുടെ വലിയ പ്രതിഷേധത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങാനാണ് വിവിധ നഴ്സിങ് കൂട്ടായ്മകളുടെയും യൂണിയനുകളുടെയും തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല