സ്വന്തം ലേഖകൻ: സ്ഥാപനം അടഞ്ഞുകിടക്കുമ്പോഴും ശമ്പളത്തിന്റെ 80 ശതമാനം സർക്കാർ നൽകുന്ന ഫർലോ സ്കീം നിലവിലുണ്ടായിട്ടും പല പ്രമുഖ സ്ഥാപനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ബ്രിട്ടനിൽ. പ്രതിസന്ധിയിലാതിന്റെ പേരിൽ ജീവനക്കാരെ കുറയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ബ്രിട്ടനിലും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ദിനംപ്രതി കൂടി വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു.
ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബറിനു ശേഷമുള്ള സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ 35,000 ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എച്ച്എസ്ബിസി. നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടനിൽ പ്രമുഖ ഭക്ഷ്യശൃംഖലയായ പിസ എക്സ്പ്രസ് 67 ഔട്ട്ലെറ്റുകൾ പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 1,100 പേർക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും. പ്രമുഖ ബെറ്റിംങ് കമ്പനിയായ വില്യം ഹിൽ ഹൈസ്ട്രീറ്റുകളിലെ 119 ശാഖകളാണ് ലോക്ഡൗണിനു ശേഷം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുന്നൂറോളം പേർക്ക് ഇതിലൂടെ ജോലി നഷ്ടമായി. രാജ്യത്തൊട്ടാകെ 1500 ഔട്ട്ലെറ്റുകലാണ് വില്യം ഹില്ലിന് ഉള്ളത്.
ബ്രിട്ടനിലെ മറ്റൊരു പ്രമുഖ വ്യാപാര ശൃംഖലയായ ഡബ്ല്യു.എച്ച്.എസ് സ്മിത്ത് 1500 പേരെയാണ് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. 75 മില്യൻ പൗണ്ടിന്റെ നഷ്ടമാണ് ഈ വർഷം കമ്പനി കണക്കാക്കുന്നത്. 575 ഹൈസ്ട്രീറ്റ് ഷോപ്പുകളുള്ള ഡബ്ല്യുഎച്ച്എസ് സ്മിത്തിന് 14,000 ജീവനക്കാരാണുള്ളത്.
ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നേരത്തെതന്നെ പൈലറ്റുമാർ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളെ തൽകാലത്തേക്ക് ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലാണ് കൊവിഡ് ഏറ്റവും അധികം തൊഴിൽ നഷ്ടം ഉണ്ടാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല