സ്വന്തം ലേഖകൻ: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-
ഓഗസ്റ്റ് 7- കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 8- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 9- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
വിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-
ഓഗസ്റ്റ് 7- തിരുവനന്തപുരം
ഓഗസ്റ്റ് 8- തിരുവനന്തപുരം, കൊല്ലം
ഓഗസ്റ്റ് 9- ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്
ഓഗസ്റ്റ് 10- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 11- കണ്ണൂര്‍, കാസര്‍കോട്
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കണം.
അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.
കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പരുക്കുകളോടെ രക്ഷപ്പെട്ടു. 15 പേരുടെ മൃതശരീരങ്ങൾ കിട്ടി. കൂടുതൽ പേർക്കായി തിരച്ചിലിൽ തുടരുന്നു. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തകർന്ന പെരിയവര പാലം ശരിയാക്കി. താൽക്കാലികമായുള്ള ഗതാഗതസാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവര്‍ത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല