സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന് മൂന്നുഘട്ട പദ്ധതി നിർദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ന്യായാധിപന്മാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത് അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ് വിവരം.
കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഇത് ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം മാത്രമാണെന്നും ആരോഗ്യ മന്ത്രാലയത്തിെൻറയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം നടത്തി അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ചാവും തുടർ നടപടികൾ. നേരത്തേ വിസ അനുവദിക്കുകയും എന്നാൽ, രാജ്യത്തേക്ക് വരാൻ കഴിയാതിരിക്കുകയും ചെയ്തവർക്ക് പുതിയ വിസ അനുവദിക്കണമെന്നതടക്കം ആഭ്യന്തരമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച ശിപാർശയിലുണ്ട്.
വിമാനമില്ലാത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവർക്ക് തിരിച്ചുവരാനും പ്രത്യേക പദ്ധതി ആവിഷ്കരിച്ചേക്കും. വിസ കാലാവധി കഴിഞ്ഞവരുടെ തിരിച്ചുവരവിൽ സ്പോൺസറുടെ താൽപര്യം മുഖ്യഘടകമാവും. സ്പോൺസർമാർ തിരിച്ചെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന് പദ്ധതി ആവിഷ്കരിക്കണമെന്നും ശിപാർശയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല