മൂന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിനു തോല്‍പിച്ച് പരമ്പരയില്‍ ഇംഗണ്ട് 2-0ത്തിന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ പിഴച്ചു. പതിനൊന്നാം ഓവറില്‍ നാലിന് 25 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
പാര്‍ഥിവ് പട്ടേല്‍ (മൂന്ന്), രഹാനെ (പൂജ്യം), കൊഹ്ലി (ഏഴ്), ദ്രാവിഡ് (രണ്ട്) എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ധോണിയോടൊപ്പം ചേര്‍ന്ന് റെയ്ന ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പത്തൊമ്പതാം ഓവറില്‍ ഇന്ത്യ 5ന് 58 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ധോണിക്ക് കൂട്ടായി രവീന്ദ്ര ജഡേജ എത്തി. മല്‍സരത്തില്‍ ഇന്ത്യ പതുക്കെ തിരിച്ചു വരാന്‍ തുടങ്ങി. ധോണി 69 ഉം, ജഡേഡ 78 ഉം റണ്‍സെടുത്തു.
19 പന്തില്‍ നിന്നും 36 റണ്‍സുമായി അശ്വന്‍ കത്തികയറുക കൂടി ചെയ്തതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തി. 50 ഓവറില്‍ 234 റണ്‍സ്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യവിക്കറ്റ് കൂട്ടുകെട്ട് 63 റണ്‍സ് വരെ നീണ്ടു. തുടര്‍ന്നെത്തിയ ബാറ്റ്സ്മാന്‍മാരും മികച്ച രീതിയില്‍ തുടങ്ങി പക്ഷേ ക്വീസ്വെറ്ററിന് മാത്രമാണ് അര്‍ധ സെഞ്ചുറി കണ്ടെത്താനായത്. ഇടവേളകളില്‍ കൃത്യമായി ഇംഗണ്ടിന് വിക്കറ്റും നഷ്ടമായികൊണ്ടിരുന്നു.
പക്ഷേ ഒരിക്കലും വിജയലക്ഷ്യത്തില്‍ നിന്ന് റണ്‍റേറ്റ് പിന്നോക്കം പോയില്ല. മഴമൂലം 43 ഓവറില്‍ 218 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു. ഏഴു പന്തു ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗണ്ട് ലക്ഷ്യത്തിലെത്തി. മികച്ച ബാറ്റിങിനൊപ്പം ഇംഗണ്ടിന്റെ രണ്ടു വിക്കറ്റ് കൂടി നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല