സ്വന്തം ലേഖകൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ യുഎഇ ഐപിഎൽ ആവേശത്തിലേക്ക്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിയത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ. ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കും. രണ്ടു കൊവിഡ് ടെസ്റ്റുകൾ കൂടി ടീമംഗങ്ങൾക്കുണ്ട്.
അതേ സമയം സെപ്റ്റംബർ 19ന് തുടങ്ങി നവംബർ പത്തിന് അവസാനിക്കുന്ന 53 ദിന ഐപിഎൽ മാമാങ്കത്തിനു വേണ്ട തയാറെടുപ്പുകളെല്ലാം യുഎഇ സ്വീകരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ ആരോഗ്യ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസവവും വിവിധ തലങ്ങളിൽ സുരക്ഷാ വിലയിരുത്തലുകൾ നടന്നു. കൊവിഡ് ഉയർത്തിയ ഭീഷണിയെ ഏറ്റവും സമർഥമായി കൈകാര്യം ചെയ്ത് ഏറ്റവും സുരക്ഷിതമായ ഇടം എന്ന നിലയിൽ കൂടിയാണു യുഎഇയെ ഐപിഎല്ലിനു തിരഞ്ഞെടുത്തിരിക്കുന്നത്.
മുൻപ് ഐപിഎൽ നടത്തി പ്രാഗല്ഭ്യം തെളിയിച്ചതും യുഎഇയ്ക്ക് അനുഗ്രഹമായി. സാധാരണ ക്രിക്കറ്റ് കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾക്കും ഇത് പുതിയ ഉണർവ് വീണ്ടെടുക്കാനുള്ള മത്സരമാണ്. അഞ്ചുമാസമായി മിക്കവരും വീടുകളിലായിരുന്നു. മാസ്കും സാനിറ്റൈസറുമെല്ലാം ഉപയോഗിച്ച് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ സുരക്ഷാ അകലം പാലിച്ചും മറ്റും ജാഗ്രതയോടെയാണ് പരിശീലനത്തിനും ഇറങ്ങേണ്ടത്. അതേസമയം വിദേശ താരങ്ങളിൽ പലരും ഇനിയും എത്താനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല