1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2011

ജൂലൈ 13നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലെത്തിയത്. അതിനുശേഷം രണ്ടുമാസത്തിലേറെ കടന്നുപോയി. ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നഷ്ടപ്പെട്ടത് എന്തെല്ലാമാണ്. ടെസ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം പോയി. എട്ടു കളിക്കാര്‍ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങി. ട്വന്റി-20യില്‍ തോറ്റു. ഇപ്പോഴിതാ ഏകദിനത്തില്‍ രണ്ടണ്ണത്തിലും പരാജയപ്പെട്ടു.

ഒരിക്കലും ധോണിയും കൂട്ടരും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ഇംഗ്ളീഷ് പര്യടനമായി ഇതുമാറി. എങ്കിലും ധോണിക്കൂട്ടം പ്രതീക്ഷയിലാണ് ഒരു മത്സരത്തിലെങ്കിലും ജയിച്ച് നാട്ടിലേക്കുമടങ്ങുക. ഇന്നാണ് അതിനുള്ള ഒരവസരം. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സില്‍ ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെതിരായ നാലാം ഏകദിനത്തിനിറങ്ങും. ഇവിടെ നടന്ന ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ച് മധുരസ്മരണകള്‍ ധാരാളമുള്ള മൈതാനമാണ് ലോഡ്സ്. ആ മധുരസ്മരണകളുടെ ആവേശമായിട്ടായിരിക്കും ധോണിയും കൂട്ടരും ഇന്നു പാഡ് കെട്ടുന്നത്. ഇവിടെ കളിച്ച ആറ് ഏകദിനങ്ങളില്‍ നാലിലും ഇന്ത്യയാണ് ജയിച്ചത്. 2001-ല്‍ സൌരവ് ഗാംഗുലിയുടെ നേതൃത്വത്തിലെത്തിയ ടീം ഇവിടെ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തി നാറ്റ്വെസ്റ് ട്രോഫി നേടിയിരുന്നു.

എന്നാല്‍, അന്നൊക്കെ മികച്ച താരങ്ങളും മികച്ച പ്രകടനങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രകടനങ്ങള്‍ പ്രതീക്ഷിക്കാവുന്ന താരങ്ങളില്ല. മുന്‍നിര താരങ്ങള്‍ പലരും പരിക്കുമൂലം നാട്ടിലേക്കു മടങ്ങി. യുവതാരങ്ങളാകട്ടെ, അവസരത്തിനൊത്ത് ഉയരുന്നുമില്ല. അതുകൊണ്ടു തന്നെ ധോണിയുടെ വിജയമോഹം എത്രത്തോളം പൂവണിയുമെന്ന് കണ്ടറിയണം. ബാറ്റ്സ്മാന്മാര്‍ സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോള്‍ ബൌളര്‍മാര്‍ പലരും അടിമേടിച്ചു വലയുകയാണ്.

കൂട്ടത്തില്‍ ഭേദം ആര്‍. അശ്വിന്‍ എന്ന ചിന്തിക്കുന്ന ബൌളര്‍ മാത്രമാണ്. മറ്റുമുന്‍നിര ബൌളര്‍മാരെല്ലാം വിമര്‍ശനം അര്‍ഹിക്കുന്നവരാണ്. കാര്‍ഡിഫില്‍ ഒരേകദിനം മാത്രമാണ് ഇനി ഇന്ത്യക്കുമുന്നിലുള്ളത്. അവസാന രണ്ടു മത്സരങ്ങളിലെങ്കിലും ജയിച്ച് അഭിമാനം സംരക്ഷിച്ച് നാട്ടിലേക്കു മടങ്ങാനാണ് ധോണിയുടെയും സംഘത്തിന്റെയും ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.