അധോലോക നായകന്മാരുടെ സിനിമകളും മറ്റും കണ്ടു ത്രില്ലടിക്കുന്ന കുട്ടികളെ നമ്മള് കണ്ടിട്ടുണ്ടാകും, എന്നാല്‍ ഏഴ് വയസ്സ് പോലും തികയാത്ത കുട്ടികള്‍ ബ്രിട്ടീഷ് വിദ്യാലയങ്ങളെ ‘കുട്ടി അധോലോകങ്ങള്‍’ ആക്കുന്നുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ കേട്ടോളൂ വിശ്വസിക്കാതെ മറ്റു വഴികളില്ല. ക്ലാസിലേക്ക് വരുമ്പോള്‍ കത്തിയടക്കമുള്ള ‘ടൂള്‍സും’ കൊണ്ടാണ് ഏഴ് വയസു പോലും തികയാത്ത കുട്ടികള്‍ വരുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സെന്റര്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍ ഈ റിപ്പോര്‍ട്ട്.
ബ്രിട്ടനില്‍ കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഈ അടുത്തിടയാണ് പുറത്തു വന്നത് ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ വളര്‍ന്നു വരുന്ന ഒരു തലമുറ ബ്രിട്ടനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കും എന്നതിന് തെളിവാണ്. ഇതോടൊപ്പം തന്നെ ഒന്‍പതു വയസുകാരായ കുട്ടികള്‍ സ്ഥിരമായ പ്രദേശത്തെ സ്ട്രീറ്റ് ഗാങ്ങുകളെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ആണെന്ന് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധധാരികളായ സ്ട്രീറ്റ് ഗാങ്ങുകളെ പോലെ കുട്ടികള്‍ കത്തിയടക്കമുള്ള ‘ടൂള്‍സ്’ കവശം വയ്ക്കുന്നതിനു പല കാരണങ്ങളും സിഎസ്ജെക്ക് തെളിവായി ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ മറ്റുള്ളവരില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വരുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം രക്ഷാര്ത്ഥമോ അതല്ലെങ്കില്‍ മറ്റുള്ളവരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനോ ആയിട്ടാണ് പ്രധാനമായും കുട്ടികള്‍ ആയുധങ്ങള്‍ കൊണ്ട് നടക്കുന്നത്.
കഴിഞ്ഞ ദിവസം ഡേവിഡ് കാമറൂണ്‍ കുട്ടികളുടെ സ്വഭാവത്തില്‍ ആശങ്കാജനകമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രക്ഷിതാക്കള്‍ അവരെ നല്ല അച്ചടക്കത്തോടെ വളര്‍ത്തണമെന്നും ആവശ്യപ്പെട്ടതിന് പുറകെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്ട്ടിപ്പോള് പുറത്തു വന്നിരിക്കുന്നത്. അതേസമയം തങ്ങളുടെ സല്‍പ്പേരിനു ദോഷം വരുമെന്ന് കരുതി പല സ്കൂള്‍ അധികൃതരും ഇത്തരം പ്രശ്നങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നില്ലയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
2009 – 2010 കാലയളവില്‍ 5,700 കുട്ടികളെ സ്കൂളില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്, ഇക്കാലയളവില്‍ തന്നെ 330000 സസ്പെന്ഷന് നല്‍കാനും വിദ്യാലയങ്ങള്‍ക്കു ഇടയായിട്ടുണ്ട്, ആകെയുള്ളതു 8 മില്യന്‍ വിദ്യാര്‍ഥികളാണ് എന്നും ഓര്‍ക്കണേ. ഇതില്‍ തന്നെ 320കുട്ടികള്‍ 8 വയസ്സില്‍ താഴെയുള്ളവരാണ് എന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. വിദ്യാഭ്യാസ മന്ത്രി നിക്ക് ഗിബ്ബിന്റെ മുന്‍പിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് എന്നിരിക്കെ എന്തായാലും സ്കൂളുകളിലെ കുട്ടിഭീകരരെ അടിച്ചമര്‍ത്താന്‍ ഗവണ്മെന്റ് കര്‍ശന നടപടികള്‍ എടുത്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല