1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2011

കിടപ്പുമുറിയില്‍ നിങ്ങളുടെ താല്‍പര്യം അസ്തമിക്കുന്നുണ്ടോ? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ അതിനുപിന്നിലുണ്ട്. ലൈംഗികതാല്‍പര്യം കുറക്കുന്ന സാധാരണ കാര്യങ്ങള്‍ അറിയുക

മാനസിക സംഘര്‍ഷം
ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാക്കും. ജീവിത്തിന്റെ ആവേശങ്ങളെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുക. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുന്നത് നിങ്ങള്‍ വിചാരിക്കാത്ത അത്ര മാനസിക സുഖം നല്‍കും. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ തോത് അളക്കുക. അവയെ തരണംചെയ്യാനുള്ള സൂത്രവിദ്യകളും സ്വായത്തമാക്കുക. അല്ലെങ്കില്‍ ഒരു കൗണ്‍സിലറില്‍നിന്നൊ ഡോക്ടറില്‍നിന്നോ ഉപദേശം തേടുക

ഊഷ്മളമായ ബന്ധം
ചൂടുപിടിച്ച വാഗ്വാദങ്ങള്‍, ആശയവിനിമയമില്ലായ്മ, അവിശ്വസ്തത, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഊഷ്മളമായ ബന്ധത്തിന് തടസമാകും. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. ഭാര്യാഭര്‍ത്താക്കന്മാര്‍ എല്ലാകാര്യങ്ങളും മനസ്സ് തുറന്ന് സംസാരിക്കണം. പങ്കാളി നല്ല മൂഡിലിരിക്കുമ്പോള്‍ സൗഹാര്‍ദത്തോടെ, ഒട്ടും കോപമില്ലാതെ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചറിയാം. നമ്മുടെ സംസ്‌ക്കാരത്തില്‍ വിവാഹബന്ധം തകരാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. സ്‌നേഹം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങാന്‍ സാധിക്കാത്ത ഒന്നാണ്

മദ്യപാനം
മദ്യപാനം, പുകവലി, മയക്കുമരുന്നുകള്‍ എന്നിവ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും. മദ്യപാനം തുടക്കത്തില്‍ ലൈംഗികതയ്ക്ക് പ്രേരണ നല്‍കുമെങ്കിലും ആത്യന്തികമായി അത് പ്രേരണമാത്രമായി അവശേഷിക്കും. ബന്ധപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഉദ്ധാരണപ്രശ്‌നമുണ്ടാക്കുകയും ബലഹീനതയിലെത്തുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ മദ്യപാനം സ്ത്രീകളില്‍ ലൈംഗിക മരവിപ്പുണ്ടാക്കാനും ഇടയാകും

ഉറക്കക്കുറവ്
നേരം വൈകി ഉറങ്ങാന്‍ കിടക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും ലൈംഗിക താല്‍പര്യത്തെ ബാധിക്കുന്നു. ഉറക്കക്കുറവാണ് പ്രശ്‌നം. ഉറങ്ങാന്‍ രാത്രിയേറെ വൈകാന്‍ കാത്തിരിക്കാതിരിക്കുക. അതുപോലെതന്നെ വൈകി ഉറങ്ങിയിട്ട് നേരത്തെ എഴുന്നേല്‍ക്കുന്നതും ക്ഷീണമുണ്ടാക്കും. പിന്നെ ലൈംഗികതയെക്കുറിച്ച് ചിന്തിക്കാനെ കഴിയില്ല

പാരന്റിങ്
കുട്ടികള്‍ ഒരിക്കലും സ്വര്‍ഗത്തിലെ കട്ടുറുമ്പുകളല്ല. അതേസമയം കുട്ടികളെക്കൂടി പരിഗണിച്ചശേഷം എവിടെയാണ് സമയമെന്നാണ് ദമ്പതിമാര്‍ ചോദിക്കുന്നത്. രാത്രിയായാല്‍ അവരെ ഉറക്കാന്‍തന്നെ വലിയബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. കുഞ്ഞിന്റെ കൊച്ചുറക്കത്തിനനുസരിച്ച് ഇതിനുള്ള സമയം കണ്ടെത്തുകയെന്നതാണ് പ്രായോഗികം

ചികിത്സ
വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലൈംഗിക താല്‍പര്യത്തെ ഇല്ലാതാക്കും. മാനസിക സമ്മര്‍ദത്തിനുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ളവ, ഗര്‍ഭനിരോധന ഗുളികകള്‍(ചില പഠനങ്ങള്‍ ഇതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്) കീമോതെറാപ്പി, രക്തസമ്മര്‍ദ്ദത്തിന് (ബി.പി.) കഴിക്കുന്ന മീതൈല്‍ ഡോപ ക്ലോണിഡിന്‍ പ്രാ സോസിന്‍ തുടങ്ങിയവ ഇത്തരക്കാരാണ്. എനലാപ്രില്‍ നിഫെഡിപിന്‍ തുടങ്ങിയവയും അനുബന്ധമരുന്നുകളും കുഴപ്പമില്ലാത്തവയാണ്. ഫിനോതയാസിന്‍ , ഹാലോപെറിഡോള്‍ തുടങ്ങിയവ മനോരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വലിയ പ്രശ്‌നകാരികളാണ്. ഡയാസെപാം , ലിബ്രിയം തുടങ്ങിയവ ചിലപ്പോള്‍ പ്രശ്‌നമുണ്ടാക്കും. ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കുള്ള ഡിജോക്‌സിന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയാന്‍ കാരണമാകാറുണ്ട്. കൊളസ്‌ട്രോളിനുള്ള ക്ലോഫിബ്രേറ്റ് ,അള്‍സറിനു ള്ള സിമെറ്റിഡിന്‍ , ഫംഗസ് രോഗങ്ങള്‍ക്കുള്ള കീറ്റോകോണസോള്‍ തുടങ്ങിയവയും ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ തന്നെ. മരുന്നുകള്‍ മാറ്റി വാങ്ങികയോ, ഡോസ് കുറക്കുകയോ ചെയ്ത് ഇത് കുറച്ചൊക്കെ പരിഹരിക്കാം. ഇക്കാര്യത്തെക്കുറിച്ച് ഡോക്ടറോട് സംസാരിക്കാന്‍ മടിക്കരുത്

പ്രതിരൂപം
പങ്കാളിയുടെ ആകര്‍ഷകമായ രൂപമില്ലായ്മ ലൈംഗിക വിരക്തി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പൊണ്ണത്തടിയും തടിച്ചുവീര്‍ത്തവയറും ആകര്‍ഷണീയത തകര്‍ക്കും. പങ്കാളിക്കുമുന്നില്‍ സെക്‌സിയാകാനുള്ള ശ്രമം നടത്തുന്നതുവഴി ലൈംഗിക
താല്‍പര്യങ്ങളുമുണര്‍ത്താനാകും. കിടപ്പറിയില്‍ ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന തരത്തില്‍ വസ്ത്രംധരിക്കുന്നതും വ്യായാമത്തിലൂടെ
ശരീരം ആകര്‍ഷകമാക്കുന്നതും ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കും

ഉദ്ധാരണക്കുറവ്
എപ്പോഴെങ്കിലും ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നത് രോഗമല്ല. ശാരീരികകാരണങ്ങള്‍ കൊണ്ടാണ് ഉദ്ധാരണക്കുറവെങ്കില്‍ അത് സ്ഥിരമായുണ്ടാവും. ശാരീരികപ്രശ്‌നമാണോ എന്നറിയാന്‍ ആദ്യം ചെയ്യേണ്ടത് മാനസികപ്രശ്‌നങ്ങള്‍ മൂലമല്ല ഉദ്ധാരണക്കുറവ് എന്ന് തിരിച്ചറിയുകയാണ്. ലൈംഗികബന്ധത്തിന്റെ സമയത്ത് ഉദ്ധാരണം ശരിയാവുന്നില്ല, സ്വയംഭോഗം ചെയ്യുമ്പോള്‍ കുഴപ്പമില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ ശാരീരികമല്ല, മാനസികമാണ്. ചിലര്‍ക്ക് ചിലരോട് മാത്രമാവും വിരക്തി. ഒറ്റത്തവണത്തെ പരാജയം കൊണ്ടുതന്നെ അഭിമാനക്ഷതം വന്ന് ലൈംഗിക പ്രശ്‌നമുണ്ട് തനിക്കെന്ന് വിശ്വസിക്കുന്നവരുണ്ട്. ഉദ്ധാരണക്കുറവ് ശാരീരിക കാരണം കൊണ്ടാണോ എന്നറിയുന്നതിന് ലളിതമായ ടെസ്റ്റുകളുണ്ട്

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
ഉദ്ധാരണത്തെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള എളുപ്പവഴി ലൈംഗികതാല്പര്യം കുറയുന്നുണ്ടോ എന്നു നോക്കലാണ്. കുറയുന്നുണ്ടെങ്കില്‍ ഹോ ര്‍മോണാവാം കാരണം. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറഞ്ഞാലും പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ കൂടിയാലും തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ലൈംഗികപ്രശ്‌നങ്ങള്‍ വരും. മധ്യവയസ്സില്‍ പുരുഷാര്‍ത്തവവിരാമ സമയത്ത് ഇത്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സംഭവിക്കുന്നത്

ഋതുവിരാമം
അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ഋതുവിരാമം. അണ്ഡോത്പാദനം നിലയ്ക്കുന്നതോടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാവുന്നു. ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ പൊതുവെ ലൈംഗികതാല്‍പര്യം കുറയുന്നതായി കാണാറുണ്ട്. ആര്‍ത്തവവിരാമമാകുന്നതോടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഇല്ലാതാകുന്നു. ഇത് ചര്‍മകാന്തിയും ശരീരവടിവും നഷ്ടപ്പെടാന്‍ കാരണമാകും. ലൈംഗികബന്ധം വേദനാജനകമാവാനും ഈസ്ട്രജന്റെ കുറവ് കാരണമാകും.

ആര്‍ത്തവത്തിന്റെ പൊല്ലാപ്പുകളും ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ഇല്ലാതാകുന്നത് കൂടുതല്‍ ഹൃദ്യമായ ലൈംഗികജീവിതത്തിനു വഴിയുണ്ടാക്കുമെന്ന് ചിന്തിച്ച് ഇതില്‍നിന്ന് രക്ഷപ്പെടാം. ലൈംഗികബന്ധമെന്നാല്‍ കേവലം ജനനേന്ദ്രിയ ബന്ധം മാത്രമല്ലെന്നും ഹൃദയൈക്യമാണ് അതില്‍ പ്രധാനമെന്നും തിരിച്ചറിയാനും അത് ആസ്വദിക്കാനും കഴിയുന്നത് ആര്‍ത്തവാനന്തരമായിരിക്കാം. ആര്‍ത്തവവിരാമം പുതിയൊരു ആഹ്ലാദകാലത്തിന്റെ തുടക്കമാക്കി മാറ്റാന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.