സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി. നേരത്തെ ഇന്ന് (സെപ്റ്റംബർ 1) ആരംഭിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇൗ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) അറിയിച്ചതായി എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു.
അതേസമയം, വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാർഗോ വിമാന സർവീസും തുടരും. വിദേശ രാജ്യങ്ങളിലെ അടിയന്തരാവശ്യമുള്ള ചില കേന്ദ്രങ്ങളിലേയ്ക്ക് നേരത്തെ അനുമതി നൽകിയ പ്രകാരമുള്ള വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡിജിസിഎ സർക്കുലറിൽ പറഞ്ഞു.
കൊവിഡ്–19 വ്യാപനത്തെത്തുടർന്ന് മാർച്ച് 23നായിരുന്നു ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാന സർവീസ് അടക്കം എല്ലാ വിമാന സർവീസുകളും നിർത്തിവച്ചത്. പിന്നീട് മേയ് 25ന് ഡൊമസ്റ്റിക് വിമാന സർവീസ് പുനരാരംഭിച്ചു.
യുഎഇ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികളായ ഇന്ത്യക്കാർ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരാൻ മുറവിളി കൂട്ടിയതിനെ തുടർന്ന് വന്ദേ ഭാരത് മിഷൻ പദ്ധതിയിലൂടെ പ്രത്യേക വിമാന സർവീസുകൾ മേയിൽ ആരംഭിക്കുകയായിരുന്നു. ഇതിൻ്റെ ആറാം ഘട്ടമാണ് ഇന്നു മുതൽ ഇൗ മാസം 30 വരെ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല