ആറു മാസം ഗര്‍ഭിണിയായ ബോളിവുഡ് നടി ഐശ്വര്യറായ് മുംബയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഐശ്വര്യ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സിനിമാംരഗത്ത് നിന്ന് താല്‍ക്കാലികമായി ഉള്‍വലിഞ്ഞ ഐശ്വര്യ മാദ്ധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നതും പൊതുചടങ്ങകളില് പങ്കെടുക്കുന്നതും ഒഴിവാക്കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള സാല്‍വാര്‍ അണിഞ്ഞ് എത്തിയ ഐശ്വര്യ ദുപ്പട്ടയും ധരിച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് ഐശ്വര്യയും കുടുംബവും മടങ്ങിയത്.
ബച്ചന് കുടുംബത്തിന്റെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ് മുംബയിലെ സിദ്ധിവിനായക ക്ഷേത്രം. വിഘ്നങ്ങള്‍ ഇല്ലാതെ ജീവിതം സുഗമമാക്കുന്നതില്‍ ഗണപതിയുടെ അനുഗ്രഹം ചില്ലറയൊന്നുമല്ലെന്ന വിശ്വാസക്കാരാണ് ബച്ചന് കുടുംബം. പിറക്കാനിരിക്കുന്ന കുഞ്ഞിനും, സുഖപ്രസവത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക കൂടിയായിരുന്നു ക്ഷേത്ര സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മധുര് ഭണ്ഡാര്‍ക്കറിന്റെ സ്വപ്ന പ്രോജക്ടായ ഹീറോയിനില്‍ നിന്ന് ഐശ്വര്യറായ് പിന്മാറിയിരുന്നു. ചിത്രത്തിന് വേണ്ടി കരാറൊപ്പിട്ടപ്പോള്‍ വാങ്ങിയ തുക തിരികെ നല്‍കിയതായും, മധുറിന് ഐശ്വര്യ വക്കീല്‍ നോട്ടീസ് അയച്ചുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യയുടെ വക്താവ് ഇക്കാര്യം നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല