സ്വന്തം ലേഖകൻ: കൊവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് സൗദി ആരോഗ്യ മന്ത്രാലയം മലയാളി ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബഹുമതി സമ്മാനിച്ചത്. നഴ്സിങ് വിഭാഗത്തിലാണ് മലയാളി നഴ്സ് ബഹുമതിക്ക് അർഹയായത്.
ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കണ്ണൂർ സ്വദേശി ഷീബ എബ്രഹാമാണ് സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനാർഹമായ ഈ ബഹുമതി നേടിയത്. കൊവിഡ് സമയത്ത് സൗദിയിൽ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. അത് ഇരട്ടിമധുരമായി. കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുകയാണ്. സൗദിയിൽ കൊവിഡ് വ്യാപകമായ ഉടനെ ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡിൽ ആറുമാസമായി ജോലി ചെയ്തുവരവേയാണ് അപ്രതീക്ഷിതമായി ഇൗ അംഗീകാരം തേടിയെത്തിയത്.
ഇതിനിടയിൽ ഷീബക്കും ഭർത്താവിനും കൊവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പലവിധത്തിലുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കൊവിഡ് കാലത്തെ ഈ അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്നും തനിക്ക് ലഭിച്ച ഈ അംഗീകാരം സൗദിയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നഴ്സുമാർക്കുമായി സമർപ്പിക്കുകയാണെന്നും ഷീബ എബ്രഹാം ഗൾഫ് മാധ്യമത്തോട് പറഞ്ഞു. തെൻറ ഉയർച്ചയിലും താഴ്ചയിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ള ഭർത്താവ് ഷീൻസ് ലൂക്കോസിനോടാണ് ഇൗ പുരസ്കാര നേട്ടത്തിൽ കടപ്പെട്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ജിസാനിൽ പ്രവാസി സമൂഹത്തിൽ സുപരിചിതയായ ഷീബ നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലും മുബൈയിലുമായി ആറുവർഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്. 14 വർഷം മുമ്പാണ് സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഷീബ ഇബ്രാഹിമിന് ആശുപത്രി ഡയറക്ടർ ഹുസൈൻ ഹദാദി ബഹുമതി പത്രം സമ്മാനിച്ചു. ജോലിയിലുള്ള ആത്മാർഥതയും സമർപ്പണവുമാണ് ഷീബയെ തേടി ഈ ബഹുമതി എത്താൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അബു അരീഷ് ആശുപത്രിയും ജിസാൻ പ്രവിശ്യയും ഈ ബഹുമതിയിൽ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ബന്ദർ കഹൽ, നായിഫ് കഹൽ, അബ്ദുല്ല അഷ്വി എന്നിവർ പങ്കെടുത്തു. ഷീബയുടെ ഭർത്താവ് ഷീൻസ് ലൂക്കോസ് അബു അരീഷിൽ ജോലി ചെയ്യുന്നു. മക്കളായ സിവർട്ട് ഷീൻസ്, സ്റ്റുവർട്ട് ഷീൻസ് എന്നിവർ ജിസാൻ അൽ മുസ്തക്ബൽ സ്കൂളിലെ വിദ്യാർഥികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല