1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2020

സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദപുസ്തകം പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റ സ്വഭാവത്തിനു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നു. അതിനെ മറികടക്കാന്‍ എതിരാളി ജോ ബൈഡനെ വംശീയവാദിയായി ചിത്രീകരിക്കുമ്പോഴാണ് ട്രംപ് സൈനികരെ അവഹേളിച്ച പ്രശ്‌നം ഉയരുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ സ്വഭാവത്തിലുണ്ടായ മൂല്യച്യൂതി ഈ തിരഞ്ഞെടുപ്പിലെ വലിയൊരു വിഷയമാവുമെന്നു ഉറപ്പായി.

കൊവിഡ് 19, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ രാജ്യത്തെ പ്രശ്‌നങ്ങളെ എല്ലാം മറന്നു കൊണ്ട് ഇരുപക്ഷവും വിജയിക്കാനായി രാഷ്ട്രീയം കളിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പതഞ്ഞു പൊങ്ങുന്നത്.
തന്റെ പരാമര്‍ശങ്ങള്‍ പ്രതിഛായയ്ക്ക് എത്ര മങ്ങലേല്‍പ്പിക്കുമെന്ന കാര്യത്തിലാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥിയുടെ ഭയം. വംശീയമായ രീതിയില്‍ കലാപങ്ങളെ വളര്‍ത്തുന്നതില്‍ ഡെമോക്രാറ്റുകള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന ട്രംപിന്റെ വാദങ്ങള്‍ ശരിയാണെന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത തിരിച്ചടി.

അതിനു പുറമേയാണ്, സൈന്യത്തെ അങ്ങേയറ്റം ബഹുമാനിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം യുദ്ധവീരന്മാര്‍ക്കും ജനറല്‍മാര്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നത്. ഇത് തിരിച്ചടിയാകുമോയെന്നും സംശയമുണ്ട്. രാജ്യത്തിന്റെ വംശീയ ഭൂതകാലത്തെ കണക്കാക്കി സബര്‍ബന്‍ വൈറ്റ് വോട്ടര്‍മാരെ താന്‍ വംശീയവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നതിനിടിയലാണ് സൈനിക അവഹേളനം പുറത്തു വരുന്നത്. ഇതോടെ, ട്രംപിന്റെ സ്വഭാവം പരിശോധിക്കാന്‍ അമേരിക്കക്കാര്‍ തിരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും നിര്‍ബന്ധിതരാകും.

ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വെകള്‍ പറയുന്നുണ്ടെങ്കിലും സാമ്പത്തിക മാനേജ്മെന്‍റില്‍ ട്രംപിന് അനുകൂലമാണ് ആദ്യ ഫലങ്ങൾ. എന്നാൽ മറ്റെല്ലാ വിഷയങ്ങളിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. വെള്ളക്കാരുടെ വോട്ടിലാണ് ഇക്കുറിയും പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതീക്ഷ. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാളിയായി ഒരു മറയുമില്ലാതെ സ്വയം അവതരിപ്പിക്കുകയാണ് ഡോണള്‍ഡ് ട്രംപ് ഈ തിരഞ്ഞെടുപ്പില്‍.

രാജ്യ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്‍റ് വംശീയതയില്‍ പരസ്യമായി പക്ഷം പിടിക്കുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതതം അടക്കം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ രാജ്യത്തിനെതിരായ ഗൂഡാലോചനയെന്നാണ് ട്രംപിന്‍റെ പക്ഷം. വംശീയതയെക്കെതിരായ പോരാട്ടത്തില്‍ ബൈഡനാണ് മികച്ച നേതാവെന്ന് വിവിധ സര്‍വകെള്‍ പറയുന്നു.കൊവിഡ് വാക്സീന്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളിലും വോട്ടര്‍മാര്‍ ബൈഡനൊപ്പമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.