1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോലഞ്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കളക്ടറുടെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മ 144 പ്രഖ്യാപിച്ചത്. കോലഞ്ചേരി പ്രധാന പള്ളിയിലും പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളിയിലും ഇരുവിഭാഗത്തിനും കയറാനുള്ള അനുവാദവും 250 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നതും നാലുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.

കോലഞ്ചേരി പള്ളി 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ജില്ലാക്കോടതിയുടെ ഉത്തരവുണ്ടായതോടെ പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗം ഏറ്റെടുത്തിരുന്നു. പിന്നീട് യാക്കോബായ വിഭാഗം രണ്ടുതവണ സ്റ്റേ വാങ്ങിയെങ്കിലും കോടതി പിന്നീട് നല്‍കിയ സ്റ്റേ ആവശ്യം തള്ളുകയും ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയുംചെയ്തു.

ഇതോടെ, യാക്കോബായ വിഭാഗം കോലഞ്ചേരി പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനവും തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാബാവ ഉപവാസവും നടത്തി. 9 മണിക്കു തുടങ്ങിയ ഉപവാസം രാത്രി 2.30ഓടെയാണ് അവസാനിപ്പിച്ചത്. ഇരുവിഭാഗത്തേയും പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് ഉപവാസം നിര്‍ത്തിയത്.

എന്നാല്‍, ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരി പള്ളിയകത്ത് പ്രാര്‍ഥനയ്ക്കായി സ്ഥാനംപിടിച്ചിട്ടുണ്ടെന് ചൂണ്ടിക്കാട്ടിയതോടെ പള്ളിക്കുമുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെ സംഘര്‍ഷാവസ്ഥ തുടങ്ങി. പിന്നീട് ഇരുവിഭാഗത്തേയും പള്ളിക്കു പുറത്തിറക്കി സുരക്ഷ ശക്തമാക്കി. എന്നാല്‍, ഇരുവിഭാഗവും പള്ളിപ്പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യംമുഴക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കി. രാവിലെ ഒമ്പതുമണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രധാന പള്ളിയിലേക്ക് നീങ്ങിയെങ്കിലും മൂവാറ്റുപുഴ ഡിവൈ.എസ്.പി. ടോമി സെബാസ്റ്റ്യനും പുത്തന്‍കുരിശ് സിഐ കെ.വി. പുരുഷനും ചേര്‍ന്ന് ഇവരെ തടഞ്ഞ് പോലീസ്‌വാഹനത്തില്‍ നീക്കംചെയ്തു.

ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം മുദ്രാവാക്യംമുഴക്കി. സംഘര്‍ഷാവസ്ഥ തുടര്‍ന്നുവരുന്നതിനിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിക്കുമുന്നിലെത്തി ഇരുപ്പുറപ്പിച്ചെങ്കിലും പോലീസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്‍തിരിഞ്ഞു. ഏറെനേരത്തെ സംഘര്‍ഷാവസ്ഥയ്‌ക്കൊടുവില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഒടുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ, പള്ളി താത്കാലികമായി അടച്ചിടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.