സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിലും യുകെയിലെ നഴ്സിംഗ് മേഖലയ്ക്ക് കരുത്താകാൻ എത്തുന്നത് 100 കണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന നഴ്സുമാരാണ് വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായി ബ്രിട്ടനിലെത്തുന്നത്.
മലയാളികളുടെ റിക്രൂട്ട്മെന്റ് ഏജൻസികളാണ് ഇവരിൽ ഭൂരിപക്ഷം വരുന്ന നഴ്സുമാരേയും എൻ.എച്ച്.എസിനായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്നത്. വന്ദേഭാരത് മിഷനിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസു കൂടി തുടങ്ങിയതോടെ റിക്രൂട്ടുമെന്റും വേഗത്തിലായതായി ഏജസികൾ പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ജൂലൈയിൽ പോലും ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ, റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് 23 നഴ്സുമാരാണ് എൻവെർട്ടിസ് കൺസൾട്ടൻസി എത്തിച്ചത്. പലരുടെയും വീസ കാലാവധി അവസാനിച്ചിരുന്നെങ്കിലും യുകെ ഹോം ഓഫിസിൽനിന്നും വീസ വേവർ ഉത്തരവും എയർ ഇന്ത്യ, ഹീത്രൂ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേകം അനുവാദവും വാങ്ങിയാണ് ഇവർ എത്തിയത്.
വെയിൽസിലെ കാഡിഫിനു സമീപമുള്ള ക്വം-ടാഫ് യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്കുള്ള 27 നഴ്സുമാരെ കഴിഞ്ഞ ദിവസം എത്തിച്ചതും ഇതേ ഏജൻസി തന്നെ. നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും 30 പേർ എന്ന കണക്കിൽ ഡിസംബർ വരെ ഇന്ത്യയിൽനിന്നും റിക്രൂട്ട് ചെയ്യുന്ന നഴ്സുമാർ എത്തും.
ഇവരിൽ ഭൂരിപക്ഷവും മലയാളികളാണ് എന്നതും ശ്രദ്ധേയം. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമായതിനാലാണ് ചെറു സംഘങ്ങളായി നഴ്സുമാർ എത്തുന്നത്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും വരുന്ന നാലു മാസക്കാലത്ത് മൂന്നാഴ്ചത്തെ ഇടവേളയിൽ പതിനഞ്ചിലധികം നഴ്സുമാർ വീതം എത്തും.
2019ൽ വിവിധ രാജ്യങ്ങളിൽ നിന്നായി 1,300 ലേറെ വിദേശ നഴ്സുമാരെയാണ് എൻഎച്ച്എസ് റിക്രൂട്ട് ചെയ്തത്. ഈ വർഷം മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതു വരെ മാത്രം നിരവധി മലയാളികളടക്കം 495 പേരെത്തിയതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല