സ്വന്തം ലേഖകൻ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാർസെയ്ക്കെതിരായ മത്സരത്തിനിടെ നെയ്മർ ഉൾപ്പെടെ അഞ്ചു താരങ്ങൾക്ക് ചുവപ്പു കാർഡ്. പിഎസ്ജിയുടെ മൂന്നും മാർസെയിലെ രണ്ടും താരങ്ങളാണു റെഡ് കാർഡ് കണ്ടത്. ലെവിൻ കുർസാവ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ക്കും പിഎസ്ജിയിൽ നെയ്മർക്കു പുറമേ റെഡ് കാർഡ് ലഭിച്ചു. മാർസെയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കും ശിക്ഷ ലഭിച്ചു.
സ്വന്തം തട്ടകത്തിൽ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയും ചെയ്തു. നിലവിലെ ചാംപ്യൻമാരായ പിഎസ്ജി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പരാജയത്തിന്റെ രുചിയറിയുന്നത്. 5 ചുവപ്പ് കാർഡുകള്‍ക്കു പുറമേ 12 താരങ്ങള്‍ക്ക് മഞ്ഞ കാർഡും ലഭിച്ചു. മാർസെ പ്രതിരോധ താരം അൽവാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപിച്ചു.
കോവിഡ് രോഗമുക്തരായി തിരിച്ചെത്തിയ നെയ്മറും എയ്ഞ്ചൽ ഡി മരിയയും കളിക്കാനിറങ്ങിയെങ്കിലും പിഎസ്ജിയ്ക്ക് മത്സരം ജയിക്കാൻ സാധിച്ചില്ല. 31–ാം മിനിറ്റിൽ ഫ്ലോറിയൻ തൗവിൻ നേടിയ ഗോളാണ് മാർസെയെ മുന്നിലെത്തിച്ചത്. പരുക്കൻ കളി പുറത്തെടുത്ത ഇരു ടീമുകളിലേയും താരങ്ങൾക്കു മഞ്ഞ കാർഡുകൾ ലഭിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു അഞ്ച് താരങ്ങൾക്കു ചുവപ്പ് കാർഡ് ലഭിച്ചത്. കൂട്ടത്തല്ലിനെ തുടർന്നായിരുന്നു നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല