കൊച്ചു കുട്ടികളിലെ അമിത വണ്ണത്തിന്റെ കണക്കുകള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെ ബ്രിട്ടനിലെ മുതിര്‍ന്നവരും അമിതവണ്ണക്കാരാണെന്ന് തെളിയുന്നു. ഇംഗ്ളണ്ടിലെ നാല് പ്രദേശങ്ങളിലെങ്കിലും മുപ്പത് ശതമാനത്തിലേറെ മുതിര്‍ന്നവരും തടിയന്മാരാണെന്നാണ് പുതിയ സര്‍വെ തെളിയിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടനില്‍ 2030നകം മോത്തം ജനസംഖ്യയില്‍ തടിയന്മാരുടെ ശരാശരി 30 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
ആരോഗ്യ മന്ത്രാലയമാണ് ടാംവര്‍ത്ത്, വെസ്റ്റ്മിഡ്ലാന്‍ഡ്സ്, കെന്റിലെ സ്വേല്‍, മെഡ്വേ എന്നിവിടങ്ങളിലെ കണക്കുകള്‍ പുറത്തു വിട്ടത്. സ്കൂളുകളില്‍ നിന്നും ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചായിരുന്നു സര്‍വെ നടത്തിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. ഭക്ഷണ ക്രമം തന്നെയാണ് എല്ലാവരുടെയും അമിത വണ്ണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്വേലില് ഭക്ഷണം നിയന്ത്രിക്കാനുള്ള ഗ്യാസ്ട്രിക് സര്‍ജറി നടത്താന്‍ പോലും ഡോക്ടര്‍മാര്‍ രോഗികളെ നിര്‍ബന്ധിക്കുന്നുണ്ട്.
അടുത്തിടെ ഈ ശസ്ത്രക്രിയ തേടിയെത്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പതിനൊന്ന് വയസ്സിനു താഴെയുള്ള കുട്ടികളില്‍ അമിത വണ്ണം കാണുന്നുവെന്ന് അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ സര്‍വെയില്‍ തെളിഞ്ഞിരുന്നു. ഒരാളിന്റെ പൊക്കവും തൂക്കവും അനുസരിച്ചാണ് പൊണ്ണത്തടി കണക്കാക്കിയിരിക്കുന്നത്. 29.9 ശതമാനം പേരും തൂക്കം കൂടിയവരാണെന്നും മുപ്പത് ശതമാനത്തിലേറെ പേര് പൊണ്ണത്തടിയന്മാരാണെന്നുമാണ് സര്‍വെയില്‍ തെളിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി രാജ്യത്തെ പൊണ്ണത്തടിയന്മാരുടെ എണ്ണം മൂന്നിരട്ടിയായിരുക്കുകയാണ്. രാജ്യ വ്യാപകമായി കണക്കാക്കുമ്പോള്‍ 24 ശതമാനം സ്ത്രീകളും 22 ശതമാനം പുരുഷന്മാരും പൊണ്ണത്തടിയുള്ളവരാണ്. ദാരിദ്ര്യം ഇതിനൊരു കാരണമാണെന്നാണ് ഗേറ്റ്ഷെഡിലെ മേയര്‍ ജോ മിഷിന്സണ് അഭിപ്രായപ്പെട്ടത്. ഗേറ്റ്ഷെഡിലെ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും മക്കള്‍ക്ക് പോഷകാഹാരങ്ങള്‍ നല്കാന് സാധിക്കുന്നില്ലെന്നും അതിനാല്‍ അവര്‍ മക്കള്‍ക്കായി കണ്ടെത്തുന്നത് വിലയില്ലാത്ത ഭക്ഷണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളുകളില്‍ തങ്ങള്‍ പോഷകാഹാരങ്ങള്‍ തന്നെയാണ് നല്‍കുന്നതെന്നും എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും മാതാപിതാക്കള്‍ കൂടി അത് ശ്രദ്ധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല