സ്വന്തം ലേഖകൻ: വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈലുമായി യു.എ.ഇ, ബഹ്റിന് എന്നീ രാജ്യങ്ങള്‍ ഔദ്യോഗിക നയതന്ത്ര കരാറില്‍ ഒപ്പു വെച്ചത് പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടയില്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെക്കൂടി ഇസ്രഈലുമായി അടുപ്പിക്കാനുള്ള യു.എസ് നീക്കങ്ങള്‍ തുടരുമെന്നാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. അഞ്ച് രാജ്യങ്ങള്‍ കൂടി ഉടനെ തന്നെ ഇസ്രഈലുമായി സമാധാന ഉടമ്പടിയിലെത്തുമെന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ആഗസ്റ്റ് 13 ന് ഇസ്രയേൽ-യു.എ.ഇ സമാധാന ഉടമ്പടിക്ക് പിന്നാലെയും ട്രംപ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രഈലുമായി ധാരണയിലായത്.
ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ ഇനി ഏതൊക്കെ രാജ്യങ്ങളാണ് ഇസ്രഈലുമായി ധാരണയിലാവുക എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്.
നിലവില്‍ ഖത്തര്‍, കുവൈറ്റ്, അള്‍ജീരിയ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രഈലുമായി സൗഹൃദത്തിനില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഫലസ്തീന് വിഷയമാണ് ഇവരിതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ലിബിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്രഈലുമായി ഇവര്‍ അടുത്തൊന്നും അനുനയത്തിലെത്താനുള്ള സാധ്യതയുമില്ല.
ഒമാൻ
ഇസ്രഈലുമായി ഇനി അടുക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജ്യമാണ് ഒമാന്‍. യു.എ.ഇ, ബഹ്റിന് എന്നീ രാജ്യങ്ങളും ഇസ്രഈലുമായി ധാരണയായതിനു പിന്നാലെ ആദ്യം അഭിനന്ദനവുമായി എത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഒമാന്‍.
മാത്രവുമല്ല ഇസ്രയേൽ-യു.എ.ഇ സമാധാന പദ്ധതിക്കു പിന്നാലെ ഒമാന്‍ വിദേശ കാകര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനസിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേ സമയം ഒമാന്‍ വിദേശകാര്യ മന്ത്രി ഫലസ്തീന് അതോറിറ്റി ഭറണ പാര്‍ട്ടി ഫതയുമായും സംസാരിച്ചിരുന്നു.
ഒമാനും ഇസ്രഈലും തമ്മില്‍ വര്‍ഷങ്ങളായി സമാധാന ചര്‍ച്ചകള്‍ നടന്നു വരികയാണ്. 2018 ല്‍ ഒമാനിലേക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു അപൂര്‍വ സന്ദര്‍ശനവും നടത്തിയിരുന്നു.
സൌദി
സൌദി അറേബ്യയുമായുള്ള ഔദ്യോഗിക ബന്ധം സാധ്യമായാല്‍ ഇസ്രഈലിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായിരിക്കും. എന്നാല്‍ സൌദി ഇതുവരെ ഇതിന് പരസ്യ സമ്മതം മൂളിയിട്ടില്ല.
ഫലസ്തീന് വിഷയത്തില്‍ പരിഹാരം കാണമെന്നാണ് സൌദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദും ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. ട്രംപുമായി ഇതു സംബന്ധിച്ച് നേരിട്ട് സല്മാന് രാജാവ് ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. നേരത്തെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജരദ് കുഷ്നര്‍ സൌദി സന്ദര്‍ശനം നടത്തിയപ്പോഴും ഇത് തന്നെയായിരുന്നു സൌദിയുടെ പ്രതികരണം.
എന്നാല്‍ വിവിധ മേഖലകളില്‍ ഇസ്രയേൽ സൗഹൃദം സൌദിക്ക് ആവശ്യവുമാണ്. അനുനയത്തിന്റെ പരോക്ഷ സൂചനകള്‍ സൌദി നല്‍കിയിട്ടുണ്ട്. യു.എ.ഇ- ഇസ്രഈലും തമ്മിലുള്ള വിമാന സര്‍വീസിനായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ സൌദി അനുമതി നല്‍കിയിട്ടുണ്ട്.
ഈയടുത്ത് മിഡില്‍ ഈസ്റ്റ് ഐയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നെതന്യാഹുവുമായി സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വാഷിംഗ്ടണില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തായതിനു പിന്നാലെ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇസ്രയേൽ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേൽ വിഷയത്തില്‍ സൌദി രാജാവും മകന് മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
മൊറോക്കോയും സുഡാനും
ഇസ്രഈലുമായി നയതന്ത്രം ബന്ധം സ്ഥാപിക്കാനിടയുള്ള മറ്റൊരു അറബ് രാജ്യമാണ് സുഡാന്. ഇതു സംബന്ധിച്ച് സുഡാന് സര്‍ക്കാരില്‍ തന്നെ തര്‍ക്കങ്ങളുണ്ട്.യു.എ.ഇ-ഇസ്രയേൽ സമാധാന കരാറിനെ അഭിനന്ദിച്ച വിദേശ കാര്യ മന്ത്രാലയ വക്താവിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.
ഇസ്രഈലുമായി അനുനയത്തിനുള്ള ഒരു സൂചനയും മൊറോക്കോ ഇതുവരെ നല്‍കിയിട്ടില്ല. മാത്രവുമല്ല ഇസ്രഈലില്‍ അനുനയത്തിനോട് രൂക്ഷമായ രീതിയിലാണ് മൊറോക്കോ സര്‍ക്കാര്‍ പ്രതികരിച്ചത്.
“ഇവർ മൊറോക്കോയുടെ ചുവന്ന വരകളില്‍ പെട്ടതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളും സിയോണിസ്റ്റ് രാജ്യവുമായുള്ള സമാധാന പക്രിയയും ഞങ്ങള്‍ നിരസിക്കുന്നു,” എന്നായിരുന്നു മൊറോക്കോ പ്രധാനമന്ത്രി സാദ് എദിന്‍ എല്‍ ഒത്താമനിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല