സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് ഉടൻ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പുതിയ തരം കോവിഡ് പരിശോധന നടത്തും. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിക്കാനായി ആദ്യമായാണ് കുട്ടികൾക്ക് ഉമിനീർ പരിശോധന രാജ്യത്ത് നടപ്പാക്കുന്നത്. ഈ പരിശോധന ഏറ്റവും കൃത്യമായിരിക്കുമെന്നും അധികൃതർ പറയുന്നു.
എല്ലാ സ്കൂൾ കുട്ടികൾക്കും ഉടൻ ഈ പരിശോധന നടത്തും. അതോടെ രക്ഷിതാക്കൾക്കുള്ള ആശങ്കയും നീങ്ങും. ഖത്തർ റേഡിയോയുമായി സംസാരിക്കുകയിരുന്നു ഡോ. മസ്ലമാനി. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നതിൽ ആശങ്ക വേണ്ട. കാരണം സ്കൂളിൽ കോവിഡ് സ്ഥിരീകരിച്ചതിെൻറ നിരക്ക് ഏറെ കുറവാണ്.
നിലവിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്തുള്ള പരിശോധനയാണ് ഖത്തറിൽ നടക്കുന്നത്. ഇതിന് പകരം പരിശോധന ആവശ്യമായ കുട്ടികളുടെ ഉമിനീർ എടുത്താണ് പുതിയ രീതിയിൽ കോവിഡ് പരിശോധന നടത്തുക. അസ്വസ്ഥത പൂർണമായും ഇല്ലാത്ത പരിശോധനയാണിത്.
മൂക്കിലൂടെയും തൊണ്ടയുടെ പിറക് വശത്തുകൂടെയും പ്രത്യേക ട്യൂബ് കടത്തിയുള്ള നിലവിലെ പരിശോധന അൽപം അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയാണ്. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്ന് -നാല് ശതമാനം വരെ 14 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെൻറർ നേരത്തേ അറിയിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ സ്കൂളുകൾ സെപ്റ്റംബർ ഒന്നുമുതൽ തുറന്നുപ്രവർത്തിച്ചിരുന്നു. എല്ലാ കുട്ടികൾക്കും മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നടത്തില്ലെന്നും രക്ഷിതാക്കൾ അനുമതി നൽകുന്ന കുട്ടികൾക്ക് മാത്രമേ പരിശോധന നടത്തുവെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യ ആഴ്ച തന്നെ ചില സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ അവിടങ്ങളിലെ ചില ക്ലാസ് റൂമുകൾ പൂട്ടുകയും െചയ്തിരുന്നു.
കോവിഡ് ഭീഷണി പൂർണമായും ഇല്ലതാകുന്നതിന് മുമ്പ് തന്നെ സ്കൂളുകൾ തുറക്കുന്നതിനെതിരെ നേരത്തേ തന്നെ രക്ഷിതാക്കൾ രംഗത്തുവന്നിരുന്നു. ഇതോടെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം മതിയോയെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കൾക്ക് മന്ത്രാലയം നൽകിയിരുന്നു.
അസ്വസ്ഥത ഉണ്ടാകുന്ന നിലവിലെ രീതിക്ക് പകരം എളുപ്പമുള്ളതും പ്രയാസമില്ലാത്തതുമായ ഉമിനീർ പരിശോധന കുട്ടികൾക്ക് നടത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ കൂടുതൽ ആശങ്ക നീങ്ങുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല