സ്വന്തം ലേഖകൻ: ഖത്തറിനെ നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്ട്രമെന്ന പദവി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അമേരിക്ക.നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള ഒരു വിദേശ രാഷ്ട്രത്തിന് ലഭിക്കുന്ന വാഷിങ്ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങൾ ഇതുവഴി ഖത്തറിന് ലഭിക്കും.
നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള പ്രധാന പങ്കാളിയാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ് പറഞ്ഞു.
അൽ ഉദൈദ് വ്യോമതാവളം നാറ്റോ മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറുമായി ചർച്ച ചെയ്തിട്ടുണ്ട്. സമീപ ഭാവിയിൽതന്നെ നാറ്റോയുടെ പ്രധാന സുഹൃത് രാഷ്ട്രമെന്ന പദവിയിൽ ഖത്തറെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാൻഡർകിങ് വ്യക്തമാക്കി.
അമേരിക്കൻ സൈനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കടമ്പകൾ മറികടക്കാൻ മേജർ നോൺ- നാറ്റോ അലൈ (എം.എൻ.എൻ.എ) പദവിയിലൂടെ സാധിക്കും. നിലവിൽ 17 രാജ്യങ്ങളാണ് നാറ്റോയുടെ എം.എൻ.എൻ.എ പദവിയിലുള്ളത്.
2004ൽ ഒപ്പുവെച്ച ഇസ്തംബൂൾ കരാറിെൻറ ഭാഗമായാണ് ഖത്തറും നാറ്റോയും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷ സഹകരണം ആരംഭിക്കുന്നത്.2018ൽ ഖത്തറും നാറ്റോയും തമ്മിൽ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും ഒപ്പുവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല