സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തൊഴിൽ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ വിന്റർ ഇക്കോണമി പ്ലാനുമായി ചാൻസലർ ഋഷി സുനക്. വേതന സബ്സിഡികൾ, വാറ്റ് വെട്ടിക്കുറവുകൾ, പ്രതിസന്ധിയിലായ ബിസിനസുകൾക്കായി കൂടുതൽ കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പാക്കേജായാണ് വിന്റർ ഇക്കോണമി പ്ലാൻ അവതരിപ്പിക്കുന്നത്.
രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെ പിന്തുടർന്ന് തൊഴിൽ നഷ്ടത്തിന്റെ “സുനാമി” ഉണ്ടാകുമെന്ന് എംപിമാരും യൂണിയനുകളും മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ചാൻസലർ “വിന്റർ ഇക്കണോമി പ്ലാൻ” അവതരിപ്പിക്കുന്നത്. ഈ ആഴ്ച ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങളെ നേരിടാൻ സമ്പദ്വ്യവസ്ഥയെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
മൾട്ടി-ബില്യൺ പൗണ്ട് പാക്കേജ് ജർമ്മനിയിലെ പദ്ധതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിസിനസ്സുകൾക്ക് ഫർലോഗ് പദ്ധതിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികളുടെ വേതനത്തിൻ മേൽ സബ്സിഡി, ലോക്ക്ഡൗണിൽ തകർന്നിടിഞ്ഞ ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായങ്ങൾക്കായി 5% വാറ്റ് ഇളവ് എന്നിവയാണ് പാക്കേജിലെ പ്രധാന ആകർഷണം. പ്രതിമാസ തിരിച്ചടവ് ആറിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിച്ചുകൊണ്ട്, ഹാർഡ്-ഹിറ്റ് ബിസിനസുകൾക്കുള്ള നാല് വായ്പാ പദ്ധതികൾ നവംബർ അവസാനം വരെ നീട്ടാനും സാധ്യതയുണ്ട്.
അതേസമയം നവംബറിലെ ബഡ്ജറ്റ് പ്രഖ്യാപനം ഇക്കുറി ഉണ്ടാകില്ലെന്ന് ചാൻസലർ ഋഷി സുനക് അറിയിച്ചു. ദീർഘകാല പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനുള്ള ശരിയായ സമയമല്ല ഇപ്പോഴെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല