സ്വന്തം ലേഖകൻ: യാത്രക്കാർ 50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസി, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ നിർബന്ധമായും അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതരുടെ ഓർമപ്പെടുത്തൽ. ഖത്തറിലേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവർക്കും നിർദേശം ബാധകമാണ്. കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങൾ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റിയുടേതാണ് നിർദേശം. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.
50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസിയാണു രാജ്യത്തേയ്ക്ക് കൊണ്ടുവരുകയോ പുറത്തേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനകൾ ആണെങ്കിൽ സന്നദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി തേടണം.
കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം ബിൽ, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. കസ്റ്റംസ് ഓഫിസർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നൽകാൻ യാത്രക്കാരൻ ബാധ്യസ്ഥനാണ്.
ഖത്തരി റിയാൽ അല്ലെങ്കിൽ തത്തുല്യമായ വിദേശ കറൻസികൾ, ബാങ്ക് ചെക്കുകൾ, ഒപ്പുവച്ച പ്രോമിസറി നോട്ടുകൾ, മണി ഓർഡറുകൾ, വജ്രം, മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴം, സ്വർണം, വെള്ളി, പ്ലാറ്റിനം, മറ്റ് ലോഹങ്ങൾ എന്നിവയാണ് കൈവശമുണ്ടെങ്കിൽ അറിയിക്കേണ്ട സാധനങ്ങൾ.
കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷയിലെ വിവരങ്ങളിൽ വ്യക്തത തേടിയാൽ അക്കാര്യം അറിയിക്കണം. യാത്രക്കാരൻ തെറ്റായ വിവരങ്ങൾ നൽകിയാൽ 3 വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ അല്ലെങ്കിൽ ഒരു ലക്ഷം റിയാലിൽ കുറയാത്തതും 5 ലക്ഷം റിയാലിൽ കൂടാത്തതുമായ തുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്ന തുകയുടെ മൂല്യത്തിന്റെ ഇരട്ടി എന്നിവയിൽ ഏതാണോ വലിയ തുക ആ തുക പിഴയായി നൽകേണ്ടി വരും. കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല