സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ദീർഘകാല പ്രാദേശിക ലോക്ക്ഡൗണുകൾ നടപ്പിലാക്കിയ മിക്ക പട്ടണങ്ങളിലും കൊവിഡ് കേസുകൾ ഇരട്ടിയായി വർദ്ധിച്ചുവെന്ന് ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിയന്ത്രണങ്ങൾ ആശയക്കുഴപ്പത്തിലേക്ക് നയിച്ചതായും പാലിക്കുന്നതിൽ പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒൻപത് ആഴ്ച മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പതിനൊന്നിൽ 16 ഇംഗ്ലീഷ് നഗരങ്ങളിലും പട്ടണങ്ങളിലും അണുബാധ നിരക്ക് ഇരട്ടിയായി വർദ്ധിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ അഞ്ച് മേഖലകളിൽ ഈ കാലയളവിൽ കൊവിഡ് രോഗികളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടിയതായും റിപ്പോർട്ടിലുണ്ട്.
വിഗാനിൽ കേസുകൾ ഒരു ലക്ഷത്തിൽ ഏഴിൽ നിന്ന് 102 ആയി ഉയർന്നു. നടപടികൾ നടപ്പിലാക്കിയ സമയത്തേക്കാൾ കുറച്ച് കേസുകൾ രേഖപ്പെടുത്തിയ 16 മേഖലകളിൽ ഒന്നാണ് ലെസ്റ്റർ. വൈറസിനെ പ്രാദേശിക ഹോട്ട്സ്പോട്ടുകളിലേക്ക് ഒതുക്കുക എന്നതാണ് സർക്കാരിന്റെ തന്ത്രമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞതിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ.
വ്യാഴാഴ്ച, മെർസീസൈഡ്, വാരിംഗ്ടൺ, ടീസൈഡ് എന്നിവിടങ്ങളിലെ 2 ദശലക്ഷത്തിലധികം ആളുകൾ വീടിനകത്ത് മറ്റ് വീടുകളിൽ ഉള്ളവരുമായി ഇടപഴകുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, മിഡിൽസ്ബറോ മേയർ ആൻഡി പ്രെസ്റ്റൺ ഈ നിർദേശം നിരാകരിച്ചു. സർക്കാർ നടപടികളോടുള്ള ആത്മവിശ്വാസക്കുറവാണ് ഇത് കാണിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിയന്ത്രണങ്ങൾക്ക് പൊതു പിന്തുണ സൃഷ്ടിക്കുന്നതിനും വിപുലമായ രീതിയിൽ കമ്മ്യൂണിറ്റി നേതാക്കളെ ഉപയോഗപ്പെടുത്തുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കിംഗ്സ് ഫണ്ട് തിങ്ക് ടാങ്കിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് സർ ക്രിസ് ഹാം അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ നിയമങ്ങൾ വളരെ സങ്കീർണ്ണവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായതിനാൽ കേസുകളുടെ എണ്ണം കുറയുന്നില്ലെന്നും ആളുകൾക്ക് സെൽഫ് ക്വാറന്റീൻ സപ്പോർട്ടിന്റെ അഭാവമുണ്ടെന്നും ടെസ്റ്റ്-ട്രേസ് സിസ്റ്റം ഇപ്പോഴും വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഹെൽത്ത് ആൻഡ് കെയർ വിസ എന്ന പേരിൽ ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം ഏർപ്പെടുത്തിയതോടെ തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയതായി റിപ്പോർട്ട്.
യുകെ-സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾക്കൊപ്പം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ബ്രിട്ടനിലെത്താം എന്നുചേർത്തുള്ള വ്യാജ വാട്സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകാർ ആളെക്കൂട്ടുന്നത്. എന്നാൽ പുതിയ ഹെൽത്ത് ആൻഡ് കെയർ വിസയുടെ ഷോർട്ടേജ് ലിസ്റ്റിൽ കെയറർമാരോ സീനിയർ കെയറർമാരോ ഉൾപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.
മാത്രമല്ല, മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, വെറ്ററിനറി ഡോക്ർമാർ, റേഡിയോഗ്രാഫർമാർ, ഓക്കിപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്നിവരാണ് മെഡിക്കൽ രംഗത്തുനിന്നും ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിൽ നഴ്സുമാരുടെ കാറ്റഗറിയിൽ കെയറർമാരോ സീനിയർ കെയറർമാരോ ഉൾപ്പെടുന്നില്ല
മാത്രവുമല്ല, ഇംഗ്ലീഷ് യോഗ്യതാ പരീക്ഷകളായ ഐഇഎൽടിഎസോ, ഒഇടിയോ പാസാകാത്ത ഒരു നഴ്സിനും നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന്റെ റജിസ്ട്രേഷനെടുത്ത് ബ്രിട്ടനിലെത്താനും നഴ്സായി ജോലി ചെയ്യാനും സാധ്യമല്ല.
സർക്കാരിന്റെ പുതിയ ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വിസാ പ്രകാരം വിസാ ഫീസിലും എൻഎച്ച്എസ്. സർചാർജിലും അനുവദിച്ച ഇളവുകൾ പ്രാബല്യത്തിലായതോടെ നഴ്സിങ് ഉദ്യോഗാർഥികൾക്ക് സുവർണാവസമാണ് ലഭിച്ചിരിക്കുന്നത്. 446 പൗണ്ടായിരുന്ന നഴ്സുമാരുടെ വീസാ ഫീസ് ഇപ്പോൾ കേവലം 232 പൗണ്ടാണ്. ഒക്ടോബർ മുതൽ 624 പൗണ്ടായി വർധിപ്പിക്കാനിരുന്ന എൻഎച്ച്എസ് സർചാർജ് അപ്പാടെ ഒഴിവാക്കിയതും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല