ഐ.സി.സി അവാര്‍ഡ് നേട്ടത്തില്‍ ഇംഗ്ളണ്ടിന് സര്‍വാധിപത്യം. ടെസ്റ്റ് പ്ളെയര്‍ ഒഫ് ദ ഇയറായി ഇംഗ്ളണ്ട് ബാറ്റ്സ്മാനും ഏകദിന ടീം ക്യാപ്ടനുമായ അലിസ്റ്റര്‍ കുക്കിനെയും പ്ളെയര്‍ ഒഫ് ദ ഇയറായി ഇംഗ്ളണ്ടിന്റെ തന്നെ മധ്യനിര ബാറ്റ്സ്മാന്‍ ജൊനാഥന്‍ ട്രോട്ടിനെയും തിരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ സ്പോര്‍ട്സ് ഗവേണിംഗ് ബോഡിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഒരുവര്‍ഷം മുന്‍പ് ടീമിലെ സ്ഥാനംപോലും അനിശ്ചിതത്വത്തിലായിരുന്ന കുക്കിന്റെ അപ്രതീക്ഷിത മടങ്ങിവരവിനാണ് കഴിഞ്ഞവര്‍ഷം സാക്ഷ്യംവഹിച്ചത്. 12 ടെസ്റ്റിലെ 18 ഇന്നിംഗ്സുകളിലായി 51.74 ശരാശരിയില്‍ 1,302 റണ്‍സ് കുക്ക് അടിച്ചു. ആറു ശതകങ്ങളും നാല് അര്‍ദ്ധ ശതകങ്ങളും കുക്കിന്റെ നേട്ടത്തിന് വര്‍ണപ്പൊലിമയേകുന്നു.
ഇംഗ്ളണ്ട് ബാറ്റിംഗിലെ വിശ്വസ്തനും കരുത്തുറ്റ പ്രതിരോധവുമായി കളം നിറയുന്ന ജൊനാഥന്‍ ട്രോട്ട്, സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഹാഷിം ആംലയെയും പിന്തള്ളിയാണ് പ്ളെയര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹനായത്. ഇരുപത്തിയഞ്ച് അംഗ ക്രിക്കറ്റ് വിദഗ്ദ്ധ പാനലാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഐ.സി.സിയും അംഗീകരിച്ചു. സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് അവാര്‍ഡാണ് ധോണിക്ക് ലഭിച്ചത്. ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ളണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ ഇയാന്‍ ബെല്ലിന്റെ വിവാദ പുറത്താകലിനുശേഷം ധോണി ബെല്ലിനെ ബാറ്റിംഗ് ചെയ്യാനായി മടക്കി വിളിച്ചിരുന്നു. ഇന്ത്യന്‍ നായകന്റെ അവസരോചിത തീരുമാനം ഏറെ പ്രശംസകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ടെസ്റ്റിന്റെ ‘ടേസ്റ്റ്’ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്ന് സച്ചിന്‍ ഐ.സി.സിയുടെ ടെസ്റ്റ് ടീമിലെ ഏക ഇന്ത്യന്‍ സാന്നിദ്ധ്യമായി. 10 ടെസ്റ്റില്‍ നിന്ന് 64.86 ശരാശരിയില്‍ 973 റണ്‍സ് കഴിഞ്ഞവര്‍ഷം സച്ചിന്‍ നേടിയിട്ടുണ്ട്. തന്റെ സ്ഥിരം സ്ഥാനമായ നാലാമന്റെ റോള്‍ തന്നെയാണ് ഐ.സി.സി ടീമിലും സച്ചിനുള്ളത്. ടീമിലെ പന്ത്രണ്ടാമനായി സഹീര്‍ഖാന്‍ ഇടം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല