സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖല പൂർണമായും സ്വദേശിവൽക്കരിക്കുന്നതായി സൌദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതിനായി മിനിമം വേതനവും നിശ്ചയിച്ചു.
ആശയവിനിമയ, ഐടി ജോലികൾ, ആപ്ലിക്കേഷൻ വികസനം, പ്രോഗ്രാമിംഗ്, വിശകലനം, സാങ്കേതിക പിന്തുണ എന്നിവയിൽ അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ ബിസിനസ്സ് സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും. വൈദഗ്ധ്യ ജോലികൾക്ക് ചുരുങ്ങിയത് 7,000 റിയാലും സാങ്കേതിക ജോലികൾക്ക് ചുരുങ്ങിയത് 5,000 ലും വേതനം നിശ്ചയിച്ചതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മാന്യമായ തൊഴിലവസരങ്ങൾ നേടുന്നതിന് പ്രത്യേക യോഗ്യതകളുള്ള ബിരുദധാരികളെ പ്രാപ്തരാക്കുന്നതിന് സർക്കാർ മുന്നോട്ട് വയ്ക്കുന്ന പരിവർത്തന പദ്ധതിയുടെ ഭാഗമാണ് തീരുമാനം. വിവിധ മേൽനോട്ട ഏജൻസികളുടെ സഹകരണവും പങ്കാളിത്തവും ഉപയോഗപ്പെടുത്തി നടത്തുന്ന പരിഷ്കരണം സ്വകാര്യമേഖലയിൽ അനുയോജ്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
തീരുമാനം ശരിയായി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗ രേഖയും മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. കഴിഞ്ഞ മാസംമാണ് രാജ്യത്ത് എൻജിനീയറിങ് ജോലികൾ പ്രാദേശികവൽക്കരിക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുൾപ്പെടെയുള്ള നിരവധി വിദഗ്ധ തൊഴിലാളികളെ തീരുമാനം ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല