1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ ‘ഇന്റര്‍നെറ്റ് അടിമത്തം’ ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍
ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘ഇന്റര്‍നെറ്റ് അഡിക്ഷന്‍’. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

1.ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.

2.നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

3.ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

4.മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

5.ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

6.നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

7.പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍ കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. ‘സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്’ സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍ വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.

പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍ കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു ‘സുഹൃത്തായി’ കണ്ട് സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ മനശ്ശാസ്ത്രം ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ ‘ഡോപ്പമിന്‍’ എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ അവയില്‍ ചിലതാണ്.

പ്രത്യാഘാതങ്ങള്‍
പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

മണിക്കൂറുകളോളം നീണ്ട ‘ഓണ്‍ലൈന്‍ ഗെയിം’ കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍ ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ് പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക, മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.

‘ഇന്റര്‍നെറ്റ് അടിമത്തം’ ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം, റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം, ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും വേണ്ടിവന്നേക്കാം.

കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി ‘ലൈഫ് സ്‌കില്‍സ് ട്രെയിനിങ്’ പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍ നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍, ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.