മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ മരിച്ചത് സംബന്ധിച്ച് കവി ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍. ശസ്ത്രക്രിയാ സമയത്ത് രക്തം ഗ്രൂപ്പ് മാറി നല്‍കിയതുമൂലമാണ് വയലാര്‍ മരിച്ചതെന്നും ഇതുവരെ പുറംലോകത്തിനറിയാത്ത ഈ സംഭവം വിവാദം ഭയന്നാണ് അക്കാലത്ത് വയലാറിനെ ചികിത്സിച്ച ഡോ. പി.കെ.ആര് വാര്യര്‍ തുറന്നുപറയാതിരുന്നതെന്നും ഏഴാച്ചേരി രാമചന്ദ്രന് പറഞ്ഞു.
കൊല്ലത്ത് പുനലൂരില്‍ കല സംസ്കാരികവേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഏഴാച്ചേരി. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് പുരസ്കാരം നല്കി സംസാരിക്കുന്നതിനിടെയാണ് ഏഴാച്ചേരി രാമചന്ദ്രന് വയലാറിന്റെ മരണത്തെക്കുറിച്ച് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രോഗാതുരനായിരുന്ന വയലാര്‍ രാമവര്‍മ്മയ്ക്ക് അക്കാലത്ത് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വിജയമായിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ വിറയലില്‍ ആ ജീവന് നിലയ്ക്കുകയായിരുന്നു.
രക്തം ഗ്രൂപ്പ് മാറി കുത്തിവെച്ചതുകൊണ്ടാണ് ഇങ്ങനെയുണ്ടായത്. ഇക്കാര്യങ്ങള്‍ നേരിട്ട് അറിയാവുന്നവര്‍ ആരും ജീവിച്ചിരിപ്പുമില്ല. ഈ വിവരം പുറത്തുപറയണമെന്ന് താന്‍ പറഞ്ഞെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി മറച്ചുവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയലാറിന്റെ ജീവന് നിലച്ചെങ്കിലും കവിതയിലൂടെയും ഗാനങ്ങളിലൂടെയും അദ്ദേഹം ഇന്നും മലയാള മനസ്സില്‍ ഓര്‍മകളായി ജീവിച്ചിരിപ്പുണ്ടെന്നും ഏഴാച്ചേരി കൂട്ടിച്ചേര്‍ത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല