സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും.
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായി കൊറോണ വൈറസ് അണുബാധ കണ്ടെത്തുന്നതിനുള്ള ആധികാരിക ഇലക്ട്രോണിക് മാർഗമായി തവക്കൽന ആപ്ലിക്കേഷനെ ജൂൺ 15 ലെ രാജകീയ ഉത്തരവ് പ്രകാരമാണ് അംഗീകരിച്ചത്. ഇതിനോട് ചേർന്നാണ് ആരോഗ്യസ്ഥിതി തെളിയിക്കാൻ തവക്കൽനാ ആപ്പ് മാത്രം മതിയാകുമെന്ന പ്രഖ്യാപനം.
കർഫ്യു സമയത്തെ സേവനങ്ങൾ അനായാസമാക്കുന്നതിനും പുറത്തിറങ്ങാനുള്ള അനുമതി തേടുന്നതിനുമായിരുന്നു ആദ്യഘട്ടത്തിൽ സൌദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി തവക്കൽനാ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മെഡിക്കൽ അപ്പോയിന്റ്മെന്റുകളും ഡെലിവറി ആവശ്യങ്ങൾക്കും കർഫ്യൂ കാലയളവിൽ അവരുടെ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ അനുമതികൾ നേടാൻ പ്രാപ്തരാക്കിയിരുന്നു.
ഇത് അണുബാധകളുടെ എണ്ണം സംബന്ധിച്ച് തത്സമയവും നേരിട്ടുള്ള വിവരങ്ങളും നൽകി കൊവിഡ് പ്രതിരോധ നടപടികളിൽ ഓരോ സൌദി താമസക്കാരനും ഉപയോഗിക്കേണ്ട സ്വഭാവത്തിലേക്ക് പിന്നീട് ആപ്പ് മാറി. ഇന്ന സൌദിയിൽ കൊറോണ പരിശോധനക്കും ഫലം പ്രസിദ്ധം ചെയ്യുന്നതിനും ഉള്ള ഏകീകൃത മാർഗമാണ് തവക്കൽനാ ആപ്പ്. ഉംറ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചതിനാൽ അനുമതി ലഭിക്കുന്നതിന് തവക്കൽനാ ആപ്പിലെ റജിസ്ട്രേഷനും നിർബന്ധമാണ്.
പാസ്പോര്‍ട്ട് സേവനങ്ങൾക്ക് മുൻകൂർ ബുക്കിങ് ആവശ്യമില്ല
ഇന്ത്യൻ കോണ്‍സുലേറ്റിന് കീഴിലുള്ള അബ്ഹ, യാംബു, തബുക്ക് എന്നിവിടങ്ങളിലെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങൾ നൽകുന്നതിനുള്ള മുൻകൂർ അപ്പോയ്ന്റ്മെന്റ് സമ്പ്രദായം ഒഴിവാക്കിയതായി ജിദ്ദയിലെ കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇനി മുതൽ പാസ്പോർട്ട് സേവനങ്ങൾക്കായി അപേക്ഷകർക്ക് മേൽപ്പറഞ്ഞ വി.എഫ്.എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാവുന്നതാണ്. എന്നാൽ ജിദ്ദയിലെ ഹായിൽ സ്ട്രീറ്റിലുള്ള വി.എഫ്.എസ് കേന്ദ്രത്തിൽ നിലവിലുള്ള മുൻകൂർ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ തന്നെയായിരിക്കും സേവനങ്ങൾ. ഇവിടെ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ സേവനങ്ങൾ നൽകുന്നത് തുടരും.
എന്നാൽ അടിയന്തരാവസ്ഥയുള്ള അവസരങ്ങളിൽ പാസ്പോർട്ട് അപേക്ഷകൾ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാതെ തന്നെ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ ഈ കേന്ദ്രത്തിൽ സമർപ്പിക്കാവുന്നതാണ്. ജിദ്ദയിൽ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വി.എഫ്.എസ് ബ്രാഞ്ച് ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ പ്രവർത്തനം നിർത്തിവെക്കുന്നതായും കോൺസുലേറ്റ് അറിയിച്ചു.
സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള നടപടികൾ കോൺസുലേറ്റ് ഇനിയും തുടരുമെന്നും എന്നിരുന്നാലും, പുതിയ തീരുമാനത്തിന്റെ ഭാഗമായി വി.എഫ്.എസ് കേന്ദ്രങ്ങളിൽ പ്രതീക്ഷിക്കാത്ത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വീണ്ടും പഴയതു പോലെ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കുന്ന രീതിയിലേക്ക് മടങ്ങിയേക്കാമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല