സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന, ബ്രിട്ടനിൽ പലയിടങ്ങളിലും ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലണ്ടൻ നഗരത്തിലും എസെക്സ്, യോർക്ക് തുടങ്ങിയ കൗണ്ടികളിലുമാണ് ഹൈ അലർട്ട് ലിസ്റ്റിൽ പെടുത്തി ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വെരി ഹൈ അലേർട്ട് ലെവലിലുള്ള ലിവർപൂളിൽ നിലവിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്.
ലണ്ടൻ നഗരവും നഗരത്തോടു ചേർന്നുള്ള കൗണ്ടിയായ എസെക്സും ഹൈ അലേർട്ട് ലെവലിൽ ആകുന്നതോടെ ദശലക്ഷക്കണക്കിന് ആളുകൾ ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണത്തിലാകും. മറ്റ് വീടുകളിൽ സന്ദർശനം നടത്തുന്നതിനോ താമസത്തിനോ അനുമതിയുണ്ടാകില്ല. ബന്ധുക്കൾ ചേർന്നുള്ള സപ്പോർട്ട് ബബിൾ നമ്പർ പത്തായി ചുരുക്കും. സപ്പോർട്ട് ബബിളിന്റെ ഭാഗമല്ലെങ്കിൽ ബന്ധുക്കൾക്കുപോലും വീടുമാറി താമസിക്കാൻ അനുമതിയുണ്ടാകില്ല.
പബ്ബുകളിലും റസ്റ്ററന്റുകളിലും പരമാവധി ആറുപേർക്കേ ഒരുമിച്ച് സംഗമിക്കാനാകൂ. പത്തുമണിക്കു ശേഷം പബ്ബുകളും ബാറുകളും അടയ്ക്കും. ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും തുറക്കില്ല. വ്യക്തിഗത വ്യായാമങ്ങൾക്കു മാത്രമായി ജിമ്മുകൾ തുറക്കുമെങ്കിലും ഇൻഡോർ- ഔട്ട്ഡോർ സ്പോർട്സുകളെല്ലാം നിർത്തലാക്കും. 15 പേരിൽ കൂടുതൽ സംഗമിക്കുന്ന പൊതു പരിപാടികൾക്ക് അനുമതി ഉണ്ടാകില്ല. ഒക്ടോബർ 19 മുതൽ വിവാഹത്തിന് 25 പേരെയേ അനുവദിക്കൂ. അതിലും പാർട്ടികൾ പാടില്ല. മരണാനന്തര ചടങ്ങുകൾക്കും 25 പേർക്ക് മാത്രമാകും അനുമതി.
ലണ്ടൻ നഗരത്തിലും എസെക്സ്, സറൈ, കംബ്രിയ, യോർക്ക്, നോർത്ത് ഈസ്റ്റ് ഡെർബിഷെയർ, ചെസ്റ്റർ ഫീൽഡ്, ഡെർബിഷെയർ എന്നിവിടങ്ങളിലാകും ശനിയാഴ്ച മുതൽ ഹൈ അലേർട്ട് ലിസ്റ്റിൽ പെടുത്തി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം ബ്രിട്ടനിൽ 18,980 പേർ രോഗികളാകുകയും 138 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രോഗവ്യാപനം ഏറിയ സ്ഥലങ്ങളെ ഹൈ അലേർട്ട് ലിസ്റ്റിൽ പെടുത്തി കനത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സർക്കാർ അനുമതി നൽകി.
ജർമനിയിൽ കോവിഡ് വ്യാപനം രൂക്ഷം
ജർമനിയിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. ഏപ്രിലിലെ കോവിഡ് വ്യാപന സംഖ്യയുടെ അടുത്ത് എത്തിയതായി ജർമൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജർമനിയിലെ കോവിഡ് ബാധിതരുടെ സംഖ്യ 6638–യായി ഉയർന്നു.
ഇതോടെ നിലവിൽ 46,900 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യം വൻ അപകടത്തിലേക്ക് നീങ്ങുകയാണെന്ന് ചാൻസലർ മെർക്കൽ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. പതിനാറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബർലിനിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കുശേഷം രാജ്യത്ത് ഏകീകൃതമായ കർശന നടപടി സ്വീകരിക്കുവാൻ ധാരണയായതായി മെർക്കൽ വ്യക്തമാക്കി.
മാസ്ക് ധരിച്ച് പുറത്തിറങ്ങുക, സാമൂഹ്യഅകലം പാലിക്കുക, ആഘോഷങ്ങളിലെ ജനപങ്കാളിത്വം പരിമിതമാക്കുക.ഹോട്ട് സ്പോട്ടുകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക, ബാറുകളും മറ്റും നേരത്തെ അടയ്ക്കുക, നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് ചർച്ചയിൽ മുന്നോട്ട് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല