സ്വന്തം ലേഖകൻ: ബിസിനസ് മേഖലയെ സഹായിക്കാൻ യു.എ.ഇ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കി. യു.എ.ഇയുടെ സാമ്പത്തിക മേഖലയെ താങ്ങിനിർത്താൻ ലക്ഷ്യമിട്ടാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. മഹാമാരിയുടെയും ദുരന്തങ്ങളുടെയും സമയങ്ങളിൽ സംരംഭകർക്ക് ഇളവ് ലഭിക്കുന്ന രീതിയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പാപ്പരത്ത നിയമത്തിെൻറ മുൻവിധികളില്ലാതെ വായ്പ നൽകിയവരും സംരംഭകരുമായി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് നിർദേശം. ഇതിനായി പരസ്പരം ഒത്തുതീർപ്പിലെത്താം.
അല്ലെങ്കിൽ ഗ്രേസ് പിരീഡ് അനുവദിക്കുകയോ 12 മാസത്തിനുള്ളിൽ കടം തീർക്കുന്ന രീതിയിൽ ഒത്തുതീർപ്പ് നടത്തുകയോ ചെയ്യാം. ഇളവ് നൽകുന്നതിനൊപ്പം വായ്പ നൽകിയവരുടെ അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാനും നിർദേശമുണ്ട്.സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് സാമ്പത്തിക പ്രയാസം ഒഴിവാക്കാനും ദുരിതം അനുഭവിക്കുന്നവർക്കും കടക്കെണിയിൽ അകപ്പെട്ടവർക്കും പിന്തുണ നൽകാനുമാണ് ലക്ഷ്യം.
കടങ്ങൾ വീട്ടാനും ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ടുപോകാനും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷമാണ് നിയമം കൊണ്ടുവന്നത്. കടക്കെണിയിൽപെട്ടവർക്ക് നിയമക്കുരുക്കുകളിൽനിന്ന് മോചനം ലഭിക്കുന്നതായിരുന്നു നിയമം. ചെക്ക് മടങ്ങിയ കേസുകളിൽ ബാങ്ക് തന്നെ ബന്ധപ്പെട്ടവർക്ക് സഹായം നൽകും. പാപ്പരായവർക്ക് പ്രതിസന്ധി മറികടക്കാൻ ബാങ്കിൽനിന്ന് സഹായം തേടാം. അതേസമയം, നിയമം ദുരുപയോഗം ചെയ്താൽ രണ്ടുവർഷം തടവും രണ്ടു ലക്ഷം ദിർഹം പിഴയും അടക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല