സ്വന്തം ലേഖകൻ: ലോകത്തെ ജോലിക്കാരിൽ പകുതിയും അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണെന്ന് സർവേ. വേൾഡ് ഇക്കണോമിക് ഫോറവും ഇപ്സോസും സംയുക്തമായി 27 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടത്തൽ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ജീവനക്കാരാണ് സർവേയിൽ പങ്കെടുത്തത്. 27 രാജ്യങ്ങളിൽ നിന്നുള്ള 54 ശതമാനം ജോലിക്കാരും അടുത്ത 12 മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെടുമെന്നത്തിൽ ആശങ്കാകുലരായി കഴിയുന്നവരാണെന്ന് പറയുന്നു. ഇവരിൽ 17 ശതമാനം കടുത്ത ഭീഷണി നേരിടുന്നവരും 37 ശതമാനം പ്രതിസന്ധി പ്രതീക്ഷിക്കുന്നവരുമാണ്.
അടുത്ത ഒരു വർഷത്തിനുള്ളിൽ റഷ്യയിൽ മാത്രം 75 ശതമാനം ജീവനക്കാർക്ക് തൊഴിൽ നഷ്ടം സംഭവിക്കും. സ്പെയിനിൽ ഈ ഭീതി 73 ശതമാനമാണ്. മലേഷ്യയിൽ 71 ശതമാനവും സൗദി അറേബ്യയിൽ 57 ശതമാനവും തൊഴിൽ പ്രതിസന്ധി നേരിടുമെന്ന ഭയമുണ്ട്. ജർമനിയിൽ 26, സ്വീഡൻ 30, നെതർലാൻഡ്സിലും അമേരിക്കയിലും 36 ശതമാനം വീതവും ഇങ്ങനെ ഭീതിയിൽ കഴിയുന്നവരാണ്. ഇന്ത്യയിലെ 57 ശതമാനം ആളുകൾക്കും ഈ ആശങ്കയുണ്ട്. ഇതിൽ നല്ലൊരു ശതമാനം ആളുകളും ജോലി നഷ്ടപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണെന്നും സർവേ പറയുന്നു.
രാജ്യാന്തര തലത്തിൽ സർവേയിൽ പങ്കെടുത്ത 67 ശതമാനം ജീവനക്കാരും തങ്ങളുടെ നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ തന്നെ ഭാവിയിലെ ജോലിക്ക് ആവശ്യമായ കഴിവുകൾ പഠിക്കാനും വികസിപ്പിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നവരാണ്. 23 ശതമാനത്തിന്റെ ഈ വിശ്വാസം കടുത്തതാണ്. 44 ശതമാനം പേർ ഇങ്ങനെ ഒരു പരിധിവരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള തൊഴിൽ വിപണിയിലെ ഏറ്റവും വലിയ വെല്ലുവിളി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ കുറവാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിലെ മാനേജിംഗ് ഡയറക്ടർ സാദിയ സാഹിദി പറഞ്ഞു. മഹാമാരി കാരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിരക്ക് രണ്ട് വർഷം മുമ്പത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞു. എന്നാൽ തൊഴിൽ നഷ്ടത്തിന്റെ നിരക്ക് വെച്ച് നോക്കുമ്പോൾ പ്രതീക്ഷക്ക് വകയുണ്ടെന്നും അവർ പറഞ്ഞു. ഇത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകളെയും അതാത് രാജ്യത്തെ സർക്കാർ നയങ്ങളെയും ആശ്രയിച്ചാണിരിക്കുന്നതെന്നും സാഹിദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല