സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള തീരുമാനത്തിന് അഭിപ്രായവോട്ടെടുപ്പിൽ മുൻതൂക്കം. ‘എൻഡ് ഓഫ് ലൈഫ് ചോയിസ് ആക്ട്’ എന്നു പേരുനൽകിയിരിക്കുന്ന നിയമത്തെ വോട്ടെടുപ്പിൽ 65.2 ശതമാനം പേർ പിന്തുണച്ചതായി പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. സഹാനുഭൂതിയുടെയും ദയയുടെയും വിജയമെന്ന് അനുകൂലിക്കുന്നവർ വിശേഷിപ്പിച്ചു.
ആറുമാസത്തിൽ താഴെ ജീവിക്കാൻ സാധ്യതയുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് രണ്ടു ഡോക്ടർമാരുടെ അംഗീകാരമുണ്ടെങ്കിൽ ദയാവധം സാധ്യമാക്കുന്നതാണ് നിയമം. എന്നാൽ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതാണ് നിയമമെന്ന് എതിരാളികൾ ആരോപിച്ചു.
വിദേശ ബാലറ്റുകൾ ഉൾപ്പെടുന്ന 4.8 ലക്ഷം വോട്ടുകൾകൂടി പരിഗണിച്ചുള്ള അന്തിമഫലം നവംബർ ആറിനാകും പ്രഖ്യാപിക്കുക. എന്നാൽ, ഫലങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇതോടെ നെതർലൻഡ്സും കാനഡയും ഉൾപ്പെടെ ദയാവധം നിയമവിധേയമായ ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ന്യൂസീലൻഡുമെത്തും. മസ്തിഷ്ക അർബുദബാധിതയായി ചികിത്സയിലായിരുന്ന ലെക്രേഷ്യ സീൽസിന്റെ ജീവൻ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഭർത്താവ് മാറ്റ് വിക്കേഴ്സ് നടത്തിയ പോരാട്ടമാണ് നിയമത്തിനു കാരണമായത്. രാജ്യത്ത് അടുത്തിടെനടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസിൻഡ ആർഡേണും പ്രതിപക്ഷനേതാവ് ജുടിത് കോളിൻസും നിയമത്തെ അനുകൂലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല