സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പുകൾപെറ്റ മലയാള നാടിന്റെ പെരുമ ലോകത്തിന്റെ അതിരുകൾ വരെ പാടിപുകഴ്ത്താൻ മലയാള മക്കൾ അണിചേരുകയാണ്. ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ മലയാളി സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷൻസ് ഇന്ന്, നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവിൽ ചരിത്രം കുറിക്കാൻ എത്തുന്നു. വൈകുന്നേരം മൂന്ന് മണിമുതൽ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കലാവിരുന്നുകൾക്കൊപ്പം, സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.
മലയാളത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ, ജ്ഞാനപീഠ പുരസ്കാര ജേതാവ്, “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ”കാരൻ, യശഃശരീരനായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് സാംസ്ക്കാരിക പരിപാടികൾ തയ്യാർ ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ പ്രതിഭയും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ് ബ്രിട്ടണിലെ മലയാളികള്‍ക്ക് 2020 കേരളപ്പിറവി ദിനാഘോഷ സന്ദേശം നല്‍കും. മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് പ്രശസ്ത മലയാള കവി പ്രൊഫ. വി മധുസൂദനന് നായര്‍ അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തും. 2019ലെ ഏറ്റവും മികച്ച ചലച്ചിത്രനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. ഒപ്പം മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം നേടിയിട്ടുള്ള സിത്താര കൃഷ്ണകുമാര്‍ പ്രത്യേക അതിഥിയായെത്തുന്നു.
മലയാള കവിതയുടെ ചാരുത അപ്പാടെ ആവാഹിച്ചുകൊണ്ട് യു കെ യിൽ നിന്നുള്ള ശ്രീകാന്ത് താമരശ്ശേരി, ജീനാ നായർ തൊടുപുഴ, അനിൽ കുമാർ കെ പി, അയ്യപ്പശങ്കർ വി എന്നിവരോടൊപ്പം കാനഡയിൽനിന്നും സീമാ രാജീവും അണിനിരക്കുന്ന “കാവ്യകേളി” യുക്മ കേരളപിറവി ലൈവ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണമായിരിക്കും.
പാട്ടിന്റെ പാലാഴിയുമായി യു കെ മലയാളികൾക്ക് ഏറെ പരിചിതരും അനുഗ്രഹീത ഗായകരുമായ അനു ചന്ദ്ര, ഹരികുമാർ വാസുദേവൻ, ശ്രീകാന്ത് താമരശ്ശേരി, ഗായത്രി ശ്രീകാന്ത്, ഷൈജി അജിത് എന്നിവരോടൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ ആനി അലോഷ്യസ്, ഫ്രയ സാജു, ആദിത്യ ശ്രീകാന്ത് എന്നിവരും, അയർലണ്ടിൽനിന്നുള്ള ജാസ്മിൻ പ്രമോദും ചേർന്ന് യുക്മ കേരളപിറവി ദിനാഘോഷങ്ങളിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ ഒരുക്കുമെന്നതിൽ തർക്കമില്ല.
യുക്മ മെഗാ ലൈവ് ഷോയ്ക്ക് മാറ്റ് കൂട്ടുവാനെത്തുന്നത് ബ്രിട്ടണിലെ അതിപ്രശസ്തരായ ഒരു കൂട്ടം നർത്തകരാണ്. പ്രൊഫ. ഒ എൻ വി കുറുപ്പിന്റെ കൊച്ചുമകൾ അമൃത ജയകൃഷ്ണൻ (ആമി), BBC യംഗ് ഡാൻസർ ഷോ ഫെയിം ബ്രീസ് ജോർജ്ജ്, ഓസ്ട്രിയയിലെ വിയന്നയിൽനിന്നുള്ള സ്റ്റെഫി ശ്രാമ്പിക്കൽ, സ്വിൻഡനിൽനിന്നുള്ള സബിത ചന്ദ്രൻ, വെയിൽസിലെ ന്യൂ പോർട്ടിൽ താമസിക്കുന്ന പൂജ മധുമോഹൻ, 2019 യുക്മ ദേശീയ കലാമേള കലാതിലകം ദേവനന്ദ ബിബിരാജ്, കലാപ്രതിഭ ടോണി അലോഷ്യസ് എന്നീ അനുഗ്രഹീത നർത്തകരാണ് നവംബർ ഒന്നിന്റെ സായാഹ്നം മഞ്ജീര ധ്വനികളാൽ മുഖരിതമാക്കുവാൻ UUKMA ഫേസ്ബുക്ക് പേജിൽ എത്തുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യു കെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാണ്മയുടെ മഹോത്സവമായി കേരളപിറവി ദിനത്തെ മാറ്റുവാൻ ഇനി മണിക്കൂറുകൾ മാത്രം.
യുക്മ കലാഭൂഷണം പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായര്‍ ഇവൻറ് കോർഡിനേറ്ററായി ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോള്‍, ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത് യു കെ യിലെ പ്രശസ്തമായ റെക്സ് ബാന്‍ഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല