കുര്യൻ ജോർജ്ജ് (യുക്മ ദേശീയ കമ്മിറ്റി അംഗം): ദശാബ്ദത്തിന്റെ നിറവിലെത്തി നിൽക്കുന്ന, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തിൽ പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായർ ഉച്ച കഴിഞ്ഞ് 3 മണിക്കാരംഭിച്ച് മൂന്നര മണിക്കൂർ നീണ്ട് നിന്ന ലൈവ് ഷോ ആസ്വദിച്ചത് പതിനാറായിരത്തിലധികം പ്രേക്ഷകരാണ്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച ഷോയിൽ മുൻ വൈസ് ചാൻസിലറും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടകനായും പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ, ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് മിനിസ്റ്റർ മൻമീത് സിംഗ് നാരംഗ് IPS, പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറമൂട് എന്നിവർ ആശംസാ പ്രസംഗകരായും എത്തി. മലയാള ഭാഷയുടേയും സംസ്കാരത്തിന്റേയും ചുവട് പിടിച്ച്, ഇരുപതോളം കലാകാരൻമാരും കലാകാരികളും ചേർന്നവതരിപ്പിച്ച കലാപരിപാടികൾ ആസ്വാദകരുടെ മനം നിറച്ചു.
ലൈവ് ഷോയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള ലോകമെമ്പാടുമുള്ള മലയാളികൾക്ക് യുക്മയുടെ ഹൃദ്യമായ കേരളപ്പിറവി ദിനാഘോഷ ആശംസകൾ നേർന്നു. യുക്മയുടെ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. സിറിയക് തോമസ്, ലോകമെമ്പാടും മലയാളിയേയും കേരളത്തേയും തിരിച്ചറിയുന്ന രീതിയിൽ മലയാളവും കേരളവും വളർന്നിരിക്കുന്നു എന്നുള്ളത് അഭിമാനകരമാണെന്ന് പറഞ്ഞു. കോവിഡ് കാലത്ത് യുക്മ സംഘടിപ്പിച്ച കേരള ദിനാഘോഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള മലയാളികൾക്ക് മാതൃകയാണെന്നുള്ള കാര്യം എടുത്ത് പറഞ്ഞ ഡോ. സിറിയക് തോമസ്, സമീപ കാലത്ത് നമ്മെ വിട്ട് പിരിഞ്ഞ പ്രശസ്ത ഗായകൻ S.P. ബാലസുബ്രമണ്യം, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നിവരെ അനുസ്മരിച്ചു.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിൽ വരുത്തിയ മെക്കാളെ പ്രഭു, കേണൽ മൺറോ എന്നിവർ അന്ന് ലോകത്ത് ഉണ്ടായിരുന്നതിൽ ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന വിദ്യാഭ്യാസ രീതികളാണ് കേരളത്തിൽ നടപ്പിലാക്കിയതെന്ന് പറഞ്ഞ ഡോ. സിറിയക് തോമസ്, പിന്നീടതിൽ കാലോചിതമായ മാറ്റങ്ങളൊന്നും വരുത്താതെ ഇപ്പോഴും അവരെ കുറ്റം പറയുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ചു.
അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തിയ കവി പ്രൊഫ. മധുസൂദനൻ നായർ കേരളത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതി ഭംഗിയും തനത് ജൈവ വൈവിദ്ധ്യവുമൊക്കെ ഏറെ വേദനയുളവാക്കുന്ന കാര്യമാണെന്ന് പറഞ്ഞു. മലയാള ഭാഷയുടെ വൈവിദ്ധ്യവും സമൃദ്ധിയും താളനിബദ്ധതയും എടുത്ത് പറഞ്ഞ മധുസൂദനൻ നായർ സാർ, അത് നഷ്ടപ്പെടുത്താതെ മുന്നോട്ട് കൊണ്ടു പോകാൻ യുക്മ പോലുള്ള സംഘടനകൾ ഏത് തരത്തിലുമുള്ള ലാഭേശ്ചയും കൂടാതെ ചെയ്യുന്ന ഇത് പോലുള്ള പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നാട്ടിൽ സമയം രാത്രി ഏറെ വൈകിയിരുന്നെങ്കിലും പ്രേക്ഷകരുടെ സ്നേഹ പൂർണ്ണമായ ആവശ്യ പ്രകാരം തന്റെ ‘ന്യൂയോർക്കിലെ ഓണം’ എന്ന കവിതയുടെ ഏതാനും വരികൾ അദ്ദേഹം പാടി.
ഷോയിൽ കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകളർപ്പിച്ച് സംസാരിച്ച ലണ്ടനിലെ ഇൻഡ്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് മിനിസ്റ്റർ മൻമീത് സിംഗ് നാരംഗ് IPS, എൻഫീൽഡിൽ വെച്ച് നടന്ന ആദരസന്ധ്യയിൽ പങ്കെടുത്ത നല്ല ഓർമ്മകൾ പ്രേക്ഷകരുമായി പങ്ക് വെച്ചു. യുകെയിലെ കേരള സമൂഹത്തിന് വേണ്ടി യുക്മ നടത്തുന്ന പ്രവർത്തനങ്ങളെ കലവറ കൂടാതെ അഭിനന്ദിച്ച മൻമീത് സിംഗ് നാരംഗ് എംബസ്സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഷൂട്ടിംഗ് ലൊക്കേഷനിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയത് മൂലം ക്വാറന്റയിനിൽ കഴിയുന്ന കേരളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് ഫോണിലൂടെ യുക്മ കേരളപ്പിറവി ദിനാഘോഷത്തിന് ഹൃദ്യമായ ആശംസകൾ നേർന്നു. യുകെ മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ സുരാജ് തന്റെ അവാർഡ് സിനിമകളെപ്പറ്റിയും സംസാരിച്ചു. താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതോടൊപ്പം സർക്കാർ തരുന്ന അവാർഡുകൾ തീർച്ചയായും ഇരട്ടി മധുരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളപ്പിറവി ദിനാഘോഷം ലൈവിന്റെ ആരംഭം മുതൽ പാട്ടും നൃത്തവും കവിത ചൊല്ലലും ഒക്കെയായി പ്രേക്ഷകരുടെ മനം കവർന്നത് യുകെയിലെ ഇരുപതോളം പ്രശസ്ത കലാകാരൻമാരും കലാകാരികളുമാണ്. കേരളപ്പിറവി ദിനാഘോഷത്തിന്റെ അന്ത:സ്സത്തയ്ക്ക് ചേർന്ന വിധം മലയാളിത്തവും കേരളീയതയും നിറഞ്ഞ നൃത്തങ്ങളും ഗാനങ്ങളുമാണ് ഷോയിലുടനീളം നിറഞ്ഞ് നിന്നത്. ഷോയുടെ തുടക്കം മുതൽ അഭിനന്ദനക്കുറിപ്പുകളെഴുതി കലാകാരൻമാരെ പ്രോത്സാഹിപ്പിച്ച നൂറ് കണക്കിന് പ്രേക്ഷകർ അവർക്ക് പകർന്ന് നൽകിയത് നിറഞ്ഞ ആത്മവിശ്വാസവും അളവറ്റ ഊർജ്ജവുമാണ്.
മലയാളത്തിന്റെ മനോഹര നൃത്തരൂപങ്ങളുമായി ലൈവിൽ നടനമാടിയ അമൃത (ആമി) ജയകൃഷ്ണൻ, ദേവനന്ദ ബിബിരാജ്, പൂജ മധുമോഹൻ, ബ്രീസ് ജോർജ്ജ്, സ്റ്റെഫി ശ്രാമ്പിക്കൽ, ടോണി അലോഷ്യസ്, സബിത ചന്ദ്രൻ എന്നിവർ കാണികളെ അക്ഷരാർത്ഥത്തിൽ ആനന്ദ നടനമാടിച്ചു. മലയാളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതിയ നൃത്തരൂപങ്ങളിലൂടെ ഈ നർത്തകർ തെളിയിച്ചത് തങ്ങളോരോരുത്തരും മലയാള ഭാഷയുടേയും സംസ്ക്കാരത്തിന്റേയും അംബാസഡർമാരാണെന്നാണ്.
മലയാള ഭാഷയുടെ മുഴുവൻ സൌന്ദര്യവും ലാളിത്യവും താളനിബദ്ധതയുമൊക്കെ ശ്രോതാക്കളിലെത്തിച്ച മനോഹര ഗാനങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട ഗായകർ ലൈവിൽ പാടിയത്. അനുചന്ദ്ര, ജാസ്മിൻ പ്രമോദ്, ഫ്രയ സാജു, ആനി അലോഷ്യസ്, ഹരികുമാർ വാസുദേവൻ എന്നിവർ തങ്ങളുടെ മധുര ഗാനങ്ങളുമായി പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചപ്പോൾ ശ്രീകാന്ത് താമരശ്ശേരിയുടെ നേതൃത്വത്തിൽ ഗായത്രി ശ്രീകാന്ത്, ആദിത്യ ശ്രീകാന്ത്, ഷൈജി അജിത് എന്നിവർ ചേർന്നാലപിച്ച മനോഹരമായ സംഘഗാനം വേറിട്ടൊരു അനുഭവമായിരുന്നു.
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലേക്ക് മലയാളി മനസ്സുകളെ വിളിച്ചടുപ്പിച്ച കാവ്യകേളിയായിരുന്നു ഷോയിലെ പ്രധാന ആകർഷണം. മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ച് കൊണ്ട് നടത്തിയ കാവ്യകേളി ഒരു നവ്യാനുഭവമായിരുന്നു യുകെ മലയാളികൾക്ക്. കേരളവും മലയാള ഭാഷയും ആദരിക്കപ്പെടുന്ന ഈ സുദിനത്തിൽ യുകെയിലെ ആദ്യ കാവ്യകേളിക്ക് വേദിയൊരുക്കുവാൻ കഴിഞ്ഞതിൽ യുക്മയ്ക്ക് അഭിമാനിക്കാം. ശ്രീകാന്ത് താമരശ്ശേരിയുടെ നേതൃത്വത്തിൽ കാവ്യകേളി രംഗത്ത് ഏറെ പ്രശസ്തരായ അഞ്ച് കലാകാരൻമാരാണ് ഇതിൽ പങ്കെടുത്തത്. ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായർ തൊടുപുഴ, അനിൽകുമാർ കെ. പി, അയ്യപ്പ ശങ്കർ വി എന്നിവർ ചൊല്ലിയ കവിതകൾ പ്രേക്ഷകരെ തങ്ങളുടെ ബാല്യകാലത്തേയ്ക്കും സ്കൂൾ ഓർമ്മകളിലേക്കും കൊണ്ട് പോയി എന്ന് ലൈവിൽ വന്ന കമന്റുകൾ തന്നെ തെളിയിച്ചു.
ലൈവ് ഷോയിൽ ആശംസകളർപ്പിക്കാൻ എത്തുമെന്ന് അറിയിച്ചിരുന്ന പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ അതിന് കഴിയാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച് യുക്മ നേതൃത്വത്തിന് മെസ്സേജ് അയച്ചിരുന്നു. തന്റെ മ്യൂസിക് ബാന്റിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചിന്നാറിനടുത്ത് ഇന്റർനെറ്റ് സൌകര്യം തീരെ ഇല്ലാത്ത പ്രദേശത്തായതിനാൽ ലൈവിൽ വരാൻ സാധിക്കാതിരുന്നതെന്നും ഭാവിയിൽ യുക്മയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സിത്താര തന്റെ സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.
യുക്മ ‘കലാഭൂഷണം’ പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും പ്രോഗ്രാം ഹോസ്റ്റുമായ ദീപ നായരുടെ ആമുഖത്തോടെ ആരംഭിച്ച ഷോയിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: എബി സെബാസ്റ്റ്യൻ സ്വാഗതവും യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദിയും പറഞ്ഞു. ലൈവ് ഷോയ്ക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത് യുകെയിലെ പ്രശസ്തമായ റെക്സ് ബാന്റിലെ റെക്സ് ജോസ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്ജ്, സ്വിൻഡനിൽ നിന്നുള്ള റെയ്മോൾ നിധീരി എന്നിവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല