ഗ്രീസും പോര്‍ച്ചുഗലും അയര്‍ലന്‍ഡും ഇറ്റലിയും സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാംപാദത്തില്‍ യൂറോ മേഖലയുടെ സാമ്പത്തിക വളര്‍ച്ച പൂജ്യത്തിനടുത്തായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ യൂറോപ്പിനെ സഹായിക്കാന്‍ ബ്രിക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളുടമേല്‍ സമ്മര്‍ദമേറി വരികയാണ്.
ജൂലായ്-സപ്തംബര്‍ കാലത്തെ സാമ്പത്തികവളര്‍ച്ച 0.2 ശതമാനം മാത്രമായിരിക്കുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ പ്രവചനം. നേരത്തേ കണക്കാക്കിയിരുന്നതിന്റെ പകുതിയാണിത്. യൂറോപ്പിന് വെളിയില്‍ ഉത്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും വേനലുമാണ് വിപണിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ സാഹചര്യത്തെ അതിജീവിക്കാനാകുമെന്നും യൂറോപ്പ് മാന്ദ്യത്തിലേക്കു നീങ്ങില്ലെന്നും കമ്മീഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗ്രീസിലെയും അയര്‍ലന്‍ഡിലെയും പോര്‍ച്ചുഗലിലെയും പ്രതിസന്ധി ഒരു വര്‍ഷമായി ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രതിസന്ധി പടരുന്ന സാഹചര്യത്തില്‍ വിപണി അനിശ്ചിതത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കടം കുതിച്ചുയരാതിരിക്കാന്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് അംഗരാജ്യങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയനെ സഹായിക്കുന്നതിന് ബ്രിക് രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്ന കാര്യം അടുത്തയാഴ്ച വാഷിങ്ടണില്‍ നടക്കുന്ന ഐ.എം.എഫ്-ലോകബാങ്ക് യോഗം ചര്‍ച്ച ചെയ്യും. ധനമന്ത്രി പ്രണബ് മുഖര്‍ജി യോഗത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. യൂറോപ്യന്‍ രാജ്യങ്ങളെ സഹായിക്കുന്നകാര്യം ബ്രിക് പരിഗണിക്കുന്നതായി ബ്രസീല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഐ.എം.എഫും ലോകബാങ്കും തീരുമാനിച്ചത്. അതേസമയം, ബ്രിക് സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഈ വിഷയത്തില്‍ ഒരേ നിലപാട് സ്വീകരിക്കാനാവുമെന്നു തോന്നുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഗ്രീസിനെ സഹായിക്കാനുള്ള സാമ്പത്തികനിലയില്ലെന്ന് ദക്ഷിണാഫ്രിക്ക സൂചിപ്പിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ യൂറോപ്പിനെ സഹായിക്കാന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല