എത്ര വലിയ വിജയവും നാണക്കേടിന്റെ ആഴത്തിന് പരിഹാരമല്ലെന്നിരിക്കെ ഇന്ത്യന്‍ ടീമിന് ഇന്ന് ആഗ്രഹിക്കാവുന്നത് രാഹുല്‍ ദ്രാവിഡിന് അനുയോജ്യമായ ഒരു വിടനല്‍കല്‍ മാത്രം. പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നതോടെ രാഹുല്‍ ദ്രാവിഡ് രാജ്യാന്തര ഏകദിനത്തില്‍നിന്നു വിരമിക്കുകയാണ്. ബാറ്റ്സ്മാനായും കീപ്പറായും നായകനായും നിറമുള്ള കുപ്പായങ്ങള്‍ ഏകദിനത്തില്‍ ഏറെയണിഞ്ഞ ദ്രാവിഡിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ സമ്മാനം ഉജ്വലമായ ഒരു വിജയം മാത്രം.
ഇന്ത്യന്‍ ടീമിലെ ‘വന്‍മതില്‍ എന്നു വിളിപ്പേരുള്ള ദ്രാവിഡിന് പരമ്പര ഇതുവരെ നല്‍കിയത് നിരാശ മാത്രം. ആദ്യ നാല് ഏകദിനങ്ങളില്‍നിന്ന് വെറും 51 റണ്‍സ്. 343 ഏകദിനങ്ങളില്‍നിന്ന് 10,820 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ദ്രാവിഡിന് 39 റണ്‍സ് ശരാശരിയുണ്ട്. 12 സെഞ്ചുറിയും 82 അര്‍ധ സെഞ്ചുറിയും ഏകദിനത്തില്‍ ദ്രാവിഡിനു സ്വന്തം.
ദ്രാവിഡിന്റെ വിരമിക്കല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇൌ മല്‍സരത്തിന് പരമ്പര പൂര്‍ത്തിയാകുന്നതിന്റെ പ്രാധാന്യം മാത്രം. ഇംഗ്ലണ്ട് 2-0ന് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മഴയില്‍ കുതിര്‍ന്ന മറ്റൊരു മല്‍സരം ടൈയില്‍ കലാശിച്ചു.
ഇത്രയും നിരാശ സമ്മാനിച്ച പര്യടനം സമീപ കാലത്തൊന്നും ടീം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങളിലും തോറ്റ ഇന്ത്യയെ ഏക ട്വന്റി20യിലും കാത്തിരുന്നത് തോല്‍വിതന്നെ. ഇംഗ്ലണ്ടിലെത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പരമ്പരയിലെ ആദ്യ വിജയമാണ് ഇന്ത്യ ഇന്നു ലക്ഷ്യമിടുന്നത്. ടീം നേരിടുന്ന പ്രതിസന്ധിക്ക് ഇതില്‍പ്പരം വേറെ തെളിവെന്തിന് !
ടീം സിലക്ഷന്‍ സംബന്ധിച്ച് ധോണി ആശയക്കുഴപ്പത്തിലായിരിക്കും. കാരണം വിജയം ലക്ഷ്യമിടുന്ന തരത്തില്‍ ടീമിനെ ഒരുക്കണോ, ഇതുവരെ കാര്യമായി അവസരം ലഭിക്കാതിരുന്നവരെ ഉള്‍പ്പെടുത്തണോയെന്ന സംശയം ഉയരാന്‍ സാധ്യതയുണ്ട്. ഫാസ്റ്റ് ബോളര്‍ വരുണ്‍ ആരോണും ബാറ്റ്സ്മാന്‍ ബദരിനാഥ് എന്നിവര്‍ ഒരു മല്‍സരത്തില്‍ പോലും കളിച്ചില്ല. മനോജ് തിവാരി, വിനയ്കുമാര്‍ എന്നിവര്‍ക്ക് കാര്യമായ അവസരം ലഭിച്ചില്ല.
ഇംഗ്ലണ്ട് അടുത്ത മാസം ഇന്ത്യയിലേക്ക് ഏകദിന പരമ്പരയ്ക്കായി എത്താനിരിക്കെ പരമാവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന വാദം ഉയരുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന വരുണിനെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാത്തതിനെതിരെ മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റനും ഫാസ്റ്റ്ബോളറുമായ വസിം അക്രം കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ടെസ്റ്റിലെക്കാള്‍ ഭേദമായിരുന്നു ഇന്ത്യയുടെ ഏകദിന പ്രകടനം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലണ്ടിന് വിജയം നേടാനായത്. ലോകകപ്പ് വിജയിച്ച ടീമിലെ എട്ടു താരങ്ങളില്ലാതെ ഇംഗ്ലണ്ടിന്റെ കരുത്തിനെതിരെ പൊരുതി നില്‍ക്കാനായത് ശ്രദ്ധേയമായി. ന്യൂബോളിനെതിരെ പാര്‍ഥിവ് പട്ടേലും അജിങ്ക്യ രഹാനെയുമടങ്ങുന്ന ഒാപ്പണിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. റെയ്ന, ധോണി എന്നിവര്‍ മധ്യനിരയില്‍ തിളങ്ങി. പന്തുകൊണ്ടും ബാറ്റുകൊണ്ടും അശ്വിന്‍ ശ്രദ്ധേയ സാന്നിധ്യമായി. രണ്ടു ടീമിലും ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് അശ്വിനാണ്. ഒാള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ചവച്ചു.
ഇംഗ്ലണ്ടിന്റെ പ്രകടനത്തിലും ഇന്ന് പരുക്ക് പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മോര്‍ഗനു പുറമേ സ്റ്റുവര്‍ട്ട് ബ്രോഡും ഇന്നു കളിക്കുന്നില്ല. ഏകദിന സ്പെഷലിസ്റ്റ് എന്നു വിശേഷിക്കപ്പെടുന്ന ജെയ്ഡ് ഡെണ്‍ബാക്കിന് ഇതുവരെ തിളങ്ങാനായിട്ടില്ല. കൂടാതെ ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ക്കാന്‍ അവര്‍ക്ക് കഴിയാത്തതും പ്രശ്നമാണ്. ദുര്‍ബലമായ ബോളിങ്ങിനെതിരെ പോലും അവരുടെ വിജയം ഏറെ വിഷമിച്ചായിരുന്നു. ഇന്ന് കളി നടക്കുന്ന പിച്ച് ബാറ്റ്സ്മാന്‍മാരെ തുണയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല