സ്വന്തം ലേഖകൻ: “വളരെ വെല്ലുവിളി നിറഞ്ഞ” തണുപ്പ് കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ നഴ്സുമാരെ കണ്ടെത്തുന്നത് വളരെ വൈകി”യതായി റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ മാത്രം നഴ്സിംഗ് 40,000 ഒഴിവുകൾ നികത്തപ്പെടാതെ ഉള്ളതായി മുന്നറിയിപ്പിൽ പറയുന്നു. നഴ്സുമാരുടെ അഭാവം കാരണം രോഗികൾ അനുഭവിക്കേണ്ടി വരുന്ന അസൌകര്യങ്ങളും അപകടങ്ങളും സത്യസന്ധമായി പരിശോധിക്കണമെന്നും യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ആശുപത്രികളിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 11,000 ത്തിൽ കൂടുതലായതിനെ തുടർന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ട് കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അലേർട്ട് ലെവൽ ഉയർത്തിയിരുന്നു. ഈ നീക്കത്തിന് തൊട്ടുപിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് യൂണിയൻ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ എന്ത് നടപടികളാണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുക എന്നതിൽ സംശയമുണ്ടെന്ന് യൂണിയൻ വ്യക്തമാക്കുന്നു. കൊവിഡ് സാഹചര്യങ്ങൾ രൂക്ഷമാകുന്നിടത്തോളം ഈ വിടവ് ജോലി ചെയ്യുന്ന നഴ്സുമാർക്ക് കടുത്ത ഉത്തരവാദിത്തവും നഴ്സിംഗ് ലീഡർമാർക്ക് താങ്ങാനാവാത്ത സമ്മർദ്ദവും നൽകുന്നു.
എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ലോക്കൽ സ്റ്റാഫിംഗ് പദ്ധതികൾ ഏറ്റവും സുരക്ഷയുള്ളതും ഉയർന്ന നിലവാരത്തിലുള്ളതുമായ ഒരു പരിഹാരം കണ്ടെത്തണം. ഇല്ലെങ്കിൽ ഈ തണുപ്പ് കാലത്ത് നഴ്സിംഗ് രംഗത്തെ അവശേഷിക്കുന്ന തൊഴിൽ സേന ജോലി ഭാരം മൂലം വീണുപോകുന്നത് കാണേണ്ടി വരുമെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ നഴ്സുമാർ കടുത്ത സമ്മർദ്ദത്തിന് കീഴ്പ്പെട്ടാൽ ഈ തണുപ്പ് കാലം എൻഎച്ച്‌എസിന് ബാലികേറാമലയാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 355 കൊവിഡ് മരണങ്ങണാണ് യുകെയിൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ 23,287 പുതിയ കേസുകളും. വെള്ളിയാഴ്ചത്തെ ദൈനംദിന മരണസംഖ്യ വ്യാഴാഴ്ചത്തെ സംഖ്യയായ 378 നെ അപേക്ഷിച്ച് 23 കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല