സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാംവട്ടം ജെഡിയുവിന്റെ നിതീഷ് കുമാർ ഇന്ന് ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാകുക. ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ സഖ്യം വിജയിച്ചിരുന്നു.
വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലൽ ചൗധരി, ഷീല മണ്ഡൽ എന്നിവർ ജെഡിയുവിൽനിന്നു സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽനിന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച്എഎം) സന്തോഷ് മാഞ്ചിയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) മുകേഷ് മല്ലയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച ആര്.ജെ.ഡി. എന്‍.ഡി.എയുടെ തട്ടിപ്പില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി. “തൊഴില്‍ ലഭിക്കാത്തവരോടും, കര്‍ഷകരോടും, കോണ്‍ട്രാക്ട് വര്‍ക്കേഴ്സിനോടും അധ്യാപകരോടും ചോദിച്ച് നോക്കൂ എന്താണ് അവര്‍ക്ക് സംഭവിക്കുന്നതെന്ന്? എന്‍.ഡി.എയുടെ തട്ടിപ്പില്‍ പൊതുജനം രോഷാകുലരാണ്. ഞങ്ങള്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതുകൊണ്ട് അവര്‍ക്കൊപ്പമാണ് ഞങ്ങള്‍,” ആര്.ജെ.ഡി ട്വീറ്റ് ചെയ്തു.
നിസഹായരായ രണ്ട് പാര്‍ട്ടികള്‍ ബീഹാറില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണെന്ന് ജെ.ഡി.യുവിനെയും ബി.ജെ.പിയെയും പരിഹസിച്ച് കൊണ്ട് ആര്.ജെ.ഡി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല