അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, പുതുവര്‍ഷത്തേക്കായി തയ്യാറാവുകയാണ്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി യുക്മ തയ്യാര്‍ ചെയ്യുന്നത്.
ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും യുക്മ കലണ്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.
മുന്‍ വര്ഷങ്ങളെപോലെത്തന്നെ തികച്ചും സൗജന്യമായാണ് യുക്മ കലണ്ടര്‍ ഈ വര്‍ഷവും യു.കെ മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണത്തിനായി എത്തുന്നത്. യു.കെ യിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍ 2021 ല്‍, കലണ്ടര്‍ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യു.കെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.
2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യു-ഗ്രാന്റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. എന്നാല്‍ അതിന് പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യു-ഗ്രാന്റ് ഒരു ലോട്ടറിയ്ക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യു കെ യിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും, നാട്ടിലേക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗം പണം അയക്കുന്നതുല്‍പ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ളോബല്‍, യു.കെയിലെ പ്രമുഖ മലയാളി സോളിസിറ്റെഴ്സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, പ്രമുഖ നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനം എന്‍വിരറ്റ്സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, ബിസിനസ്സുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീ-കോം അക്കൗണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന് കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, പ്രമുഖ ആക്സിഡന്റ് ക്ലെയിം കമ്പനിയായി ഷോയി ചെറിയാന് ആക്സിഡന്റ് ക്ലെയിംസ് ലിമിറ്റഡ്, ഭക്ഷ്യവിതരണ രംഗത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിശ്വസ്ത സ്ഥാപനം വിശ്വാസ് ഫുഡ്സ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്പോണ്സര് ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍.
ഡിസംബര്‍ മധ്യത്തോടെ തന്നെ യുക്മ കലണ്ടറുകള്‍ അംഗ അസ്സോസിയേഷനുകള്‍ക്ക് എത്തിച്ചുകൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ആണ് നടക്കുന്നത്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ടിറ്റോ തോമസ് (07723956930) സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. യു.കെ മലയാളികള്‍ക്കായി യുക്മ ഒരുക്കുന്ന 2021ലെ മനോഹരമായ കലണ്ടര്‍ സ്വന്തമാക്കുന്നതിനുള്ള അവസരം യു.കെയിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല