രാഹുല്‍ ദ്രാവിഡിന്റെയും വിരാട് കോഹ്ലിയുടെയും ധോണിയുടെയും മികവില്‍ ഇംഗ്ളണ്ടിനെതിരായ അഞ്ചാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയ ഇന്ത്യയ്ക്കു വിജയം അന്യമായി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. രണ്ടു തവണ മഴ തടസപ്പെടുത്തിയ കളിയില്‍ ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 34 ഓവറില്‍ 241 റണ്‍സായി പുനര്‍നിശ്ചയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനു വേണ്ടി അവസാന ഓവറുകളില്‍ സിക്സറുകളും ബൌണ്ടറികളും പറപ്പിച്ച രവി ബൊപ്പാരയും ബിര്‍സ്റോയും 32.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളീഷ്പടയെ വിജയത്തിലെത്തിച്ചു. ഇതോടെ അവസാന ഏകദിനത്തിനിറങ്ങിയ രാഹുല്‍ ദ്രാവിഡിനു നിരാശയോടെ പടിയിറങ്ങേണ്ടിവന്നു.
ടോസ് നേടിയ ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സൂക്ഷ്മതയോടെ ബാറ്റ് വീശിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സാവധാനമാണ് സ്കോര്‍ കണ്െടത്തിയത് 12.1 ഓവറിലാണ് ഇന്ത്യക്ക് 50 കടന്നത്. സ്കോര്‍ 52ല്‍ നില്‍ക്കുമ്പോള്‍ രഹാനെയെ (26) ഡെര്‍ബായുടെ പന്തില്‍ ഫിന്‍ ക്യാച്ചെടുത്ത് പുറത്താക്കി. അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാര്‍ഥിവ് പട്ടേലും (19) പുറത്തായതോടെ ഇന്ത്യ രണ്ടിന് 57 എന്ന നിലയിലായി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ദ്രാവിഡും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. തന്റെ അവസാന ഏകദിനം കളിക്കുന്ന രാഹുല്‍ ദ്രാവിഡ് 79 പന്തില്‍ നിന്ന് നാലു ഫോറിന്റെ സഹായത്തോടെ 69 റണ്‍സെടുത്തു. സ്വാന്റെ പന്തില്‍ ബൌള്‍ഡായാണ് ദ്രാവിഡ് പുറത്തായത്. വിരാട് കോഹ്ലി 93 പന്തില്‍ നിന്ന് ഒമ്പതു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 107 റണ്‍സെടുത്തു. ദ്രാവിഡും കോഹ്ലിയും നടത്തിയപോരാട്ട ത്തിനു പിന്നാലെ ധോണി (50 നോട്ടൌട്ട്) എത്തി ഇന്ത്യന്‍ സ്കോര്‍ 304 ല്‍ എത്തിച്ചു. 26 പന്തില്‍ നിന്ന് അഞ്ചു ഫോറും രണ്ടു സിക്സും അടക്കമാണ് ധോണി അര്‍ധസെഞ്ചുറി നേടിയത്.
മഴ മൂലം വെട്ടിച്ചുരുക്കിയ 241 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ളണ്ടിന്റെ തുടക്കം അത്ര മോശമല്ലായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടെ കീസ്വെറ്ററെ വിനയ് കുമാര്‍ പുറത്താക്കിയെങ്കിലും അലസ്റര്‍ കുക്കിന്റെ(50)യും ജൊനാഥന്‍ ട്രോട്ടിന്റെ(63)യും കൂട്ടുകെട്ട് ഇംഗ്ളീഷ് സ്കോര്‍ നൂറു കടത്തി. ഇയാന്‍ ബെല്‍ 26 റണ്‍സെടുത്തു പുറത്തായെങ്കിലും ബൊപ്പാരയും ബിര്‍സ്റോയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇംഗ്ളണ്ട് ലക്ഷ്യം മറികടന്നു. 22 പന്തില്‍ നിന്നു 37 റണ്‍സെടുത്ത ബൊപ്പാരയും 21 പന്തില്‍ നിന്നു 41 റണ്‍സെടുത്ത ബിര്‍സ്റോയും പുറത്താകാതെനിന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ പതിവുപോലെ പിഴവു വരുത്തിയതായാണ് തോല്‍വി ഇരന്നുവാങ്ങാന്‍ ഇടയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല