സ്വന്തം ലേഖകൻ: സാമ്പത്തിക നില മെച്ചപ്പെട്ടാൽ വാറ്റ് 15 ശതമാനമായി വർധിപ്പിച്ച നടപടി പുനഃപരിശോധിക്കുമെന്ന് സൌദി വാർത്താവിതരണ ആക്ടിങ് മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. മൂല്യവർധിത നികുതി ഇൗ വർഷം ജൂലൈ ഒന്ന് മുതൽ വർധിപ്പിച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തെയും ജനങ്ങൾക്കുള്ള മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കാതിരിക്കിരിക്കാനാണ് വാറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്.താരതമ്യേന പ്രയാസം കുറഞ്ഞ നടപടിയെന്നനിലയിലാണ് ആ തീരുമാനം എടുത്തത്. ബജറ്റ് വിടവ് നികത്താൻ എണ്ണേതര വരുമാനം കൂട്ടാനുള്ള ഇത്തരം നടപടികൾ സഹായിച്ചു. വാറ്റ്, സർക്കാർ ഫീസുകൾ, കസ്റ്റംസ് തീരുവ, മധുര പാനീയങ്ങൾക്ക് പ്രത്യേക നികുതി എന്നിവ എണ്ണേതര വരുമാനം കൂട്ടാൻ സ്വീകരിച്ച നടപടികളാണ്. അതുകൊണ്ട് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കേണ്ട സാഹചര്യത്തെ അതിജീവിക്കാനായി. ഭാവിയെക്കുറിച്ചും സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിനെക്കുറിച്ചും ശുഭാപ്തി വിശ്വാസമുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ എടുക്കാറുള്ള പല തീരുമാനങ്ങൾ പോലെ വാറ്റ് വർധനവും പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭരണകൂട തീരുമാനങ്ങളും പ്രാദേശിക പ്രശ്നങ്ങൾക്കും സംഭവവികാസങ്ങൾക്കുമുള്ള സർക്കാർ മറുപടികളും നൽകുന്നതിന് വാർത്താവിതരണ വകുപ്പ് ആരംഭിച്ച സ്ഥിരം വാർത്താസമ്മേളന പരിപാടിയുടെ ആദ്യദിനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശരിയായ വിവരങ്ങൾ അറിയുക പൗരെൻറ അവകാശമായി കണ്ടാണ് ഇങ്ങനെയൊരു നിരന്തര വാർത്താസമ്മേളന പരിപാടി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ഉദ്പാദിപ്പിക്കുന്ന ആഗോള കമ്പനികളുമായി രാജ്യം കരാറിലേർപ്പെട്ടിരിക്കുകയാണ്. വാക്സിൻ യാഥാർഥ്യമായാൽ അത് ആദ്യം സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാകും സൌദി അറേബ്യയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല