ബ്രിട്ടനിലെ മലയാളികളുടെ പ്രത്യേകിച്ച് കത്തോലിക്കരുടെ ഇടയില്‍ ഇപ്പോള്‍ ദൈവവിശ്വാസം തഴച്ചു വളരുകയാണ്. നാട്ടില്‍ നിന്നുള്ള ബിഷപ്പ് മാരുടെയും, വൈദികരുടെയും അല്‍മായ ധ്യാന ഗുരുക്കളുടെയും ഒഴുക്ക് ഇത് തെളിയിക്കുന്നു.ഇവരുടെ എല്ലാം ധ്യാനങ്ങള്‍ക്കും, വചന ശ്രുശ്രുഷകള്‍ക്കും പോകാനേ മലയാളിക്ക് സമയമുള്ളൂ. എങ്ങനെയെങ്കിലും എളുപ്പവഴിയില്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം. (കേരളത്തില്‍ ആണെങ്ങില്‍ എങ്ങനെയെങ്കിലും എളുപ്പവഴിയില്‍ പണം ഉണ്ടാക്കണം. അതിനായി മണിചെയിന്‍ പോലുള്ള തട്ടിപ്പില്‍ ചെന്ന് ചാടും).സ്വന്തം മക്കളുടെ കൂടെ പുറത്തു പോകാനോ അവരുടെ കൂടെ സമയം ചിലവഴിക്കണോ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാനോ മലയാളിക്ക് സമയം ഇല്ല.
ദൈവം ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ചാണ്. പക്ഷെ നമുക്ക് തമ്മിലുള്ള വിശ്വാസം വര്‍ധിപ്പികേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. ആദ്യം പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഓട്ടം ആണ് നാമൊക്കെ നടത്തുക. അത് എങ്ങനെയെങ്കിലും ഉണ്ടായി കഴിയുമ്പോള്‍ പിന്നെ മനസമാധാനതിനുവേണ്ടിയുള്ള ഓട്ടം. ആ ഓട്ടത്തില്‍ ആണ് ബ്രിട്ടനിലെ മലയാളികള്‍. കുടുംബത്തില്‍ ഉള്ള ഒത്തോരുമ്മയും ജീവിത പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും നിലനിര്‍ത്താന്‍ സാധിച്ചാല്‍ ആര്‍ക്കും സമാധാനം തേടി ധ്യാനകേന്ദ്രങ്ങള്‍ കയറി ഇറങ്ങേണ്ട ആവശ്യം ഉണ്ടാവില്ല.ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സ്വന്തം ഭാര്യയോടും മക്കളോടും ഒത്തു സമയം ചിലവിടുകയും കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അവരെ മനസിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്താല്‍ നമ്മുടെ അടുത്ത തലമുറയെ നമ്മുടെ സംസ്കാരത്തില്‍ വളര്‍ത്താന്‍ സാധിക്കും.
അടുത്ത ഒന്നോ രണ്ടോ തലമുറയ്ക്ക് മുകളിലേക്ക് മലയാളഭാഷ ബ്രിട്ടനില്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷെ നമ്മള്‍ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുന്ന സംസ്കാരം ഭാഷകള്‍ക്ക് അധീനമായി അവര്‍ക്ക് അവരുടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ സാധിക്കും. അങ്ങെനെ ആണ് നമ്മുടെ പൂര്‍വികര്‍ അവരുടെ സംസ്കാരവും പാരമ്പര്യങ്ങളും നമ്മുക്ക് പകര്‍ന്നു തന്നത്. ദൈവത്തിലുള്ള വിശ്വാസം ഓരോ മനുഷ്യനിലും ആവിശ്യമാണ്. അത് അവനെ അധാര്‍മിക പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും നിയമത്തിനനുസൃതമായ് ജീവിക്കുന്നതിനും സഹായിക്കും.പക്ഷെ അത് ഏതെങ്കിലും പ്രത്യക സ്ഥലത്ത് പോയിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ കിട്ടൂ എന്ന് വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണ്.
രണ്ടു പതിറ്റാണ്ട് മുമ്പ് വരെ സീറോ മലബാര്‍ സഭയില്‍ കരിസ്മാറ്റിക് ധ്യാനങ്ങള്‍ വിലക്കപെട്ട കനിയായിരുന്നു. ഇതിനെതിരെ പള്ളികളില്‍ അച്ചന്മാര്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇവര്‍ വളരെ നന്നായി ഇത് മാര്‍ക്കറ്റ് ചെയുന്നു. ഇന്ന് ബ്രിട്ടനിലെ മലയാള ഓണ്‍ലൈന്‍ പത്രങ്ങള്‍ തുറന്നാല്‍ കരിസ്മാറ്റിക് ധ്യാനങ്ങ്ലെകുറിച്ചേ വയിക്കാനുള്ളൂ.മൌത്ത് ടൂ മൌത്ത് പബ്ലിസിറ്റി വേറയും. വീടുകള്‍ കയറി ഇറങ്ങി ആളുകളെ കാന്‍വാസ് ചെയ്യുവാന്‍പോലും ആളുകളെ ചുമതല പെടുത്തിയിരുക്കുകയാണ്. രോഗശാന്തിയും മദ്യപാനത്തില്‍ നിന്നുള്ള വിമുക്തിയും മനസമാധാനവും ഒക്കെയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. കിട്ടിയാല്‍ നല്ലകാര്യം തന്നെ.
ഈയിടെ ഒരു മദ്യപാനിയുടെ സാക്ഷ്യം കേള്‍ക്കുവാന്‍ ഇടയായി ഇദേഹത്തിന്റെ സമുദായത്തിലെ ഒരു ആചാരം ആണത്രേ ആരെങ്കിലും വീട്ടില്‍ വന്നാല്‍ മദ്യം കൊടുക്കുക എന്നത്.അങ്ങനെ ആണത്രേ അദേഹം മദ്യത്തിനു അടിമയായത്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഈയുള്ളവനും ഇദേഹത്തിന്റെ സമുദായമാണ്. ഈയുള്ളവന്‍ ചെല്ലുന്നിടത്തൊക്കെ ചായയോ വെള്ളമോ ആണ് കിട്ടുന്നത്. ഇങ്ങനെ ഒരു ആചാരത്തെ പറ്റി ഞാന്‍ കേട്ടിട്ടില്ല. മനസ്സില്‍ നന്മയുള്ള ഏതൊരാളെയും വീട്ടുകാരുടെ നല്ല പെരുമാറ്റത്തിലൂടെയും നല്ല കൌന്സിലിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. അതില്ലാത്ത ഒരാളെ എത്ര വലിയ ധ്യാനഗുരു വന്നാലും മാറ്റാന്‍ സാധിക്കുകയില്ല.
വിശ്വാസം ഒരാളുടെ സ്വകാര്യം ആണ്. മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തില്‍ പറയുന്നത് പോലെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വന്തം മുറിക്കുള്ളില്‍ കയറി കതകടച്ചു തന്‍റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക അല്ലാതെ ബ്രിട്ടന്‍ മുഴുവന്‍ ഓടിനടന്നു കയ്യും കാലും ഉയര്‍ത്തി മനസിലാകാത്ത ഭാഷയില്‍ (ഭാഷാവരം കിട്ടിയവര്‍ ആണത്രേ ….ബൈബിളിലെ ഭാഷാ വരത്തിന്റെ അര്‍ഥം ഇവര്‍ക്ക് മനസിലാകുമോ ആവൊ ) ശബ്ദം ഉണ്ടാക്കി സ്വയം വിഡ്ഢികള്‍ ആവാതിരിക്കുക.
അടിക്കുറിപ്പ്
മേല്‍പ്പറഞ്ഞ കാഴ്ചപ്പാട് ലേഖകന്‍റെത് മാത്രമാണ്.എന്‍ ആര്‍ ഐ മലയാളിയുടെതല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല