ബ്രിട്ടണില്‍ വീടുവിപണിയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ വേദനിപ്പിക്കുന്നതും വില്ക്കാന് താല്പര്യപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നതുമാണ് ഈ വാര്‍ത്ത. വീടിന്റെ വിലയില്‍ ആഴ്ചയില്‍ നൂറ് പൗണ്ട് വില വര്‍ദ്ധിക്കുന്നതായാണ് ലഭിക്കുന്ന വിവരം. 2011ല്‍ മാത്രം ബ്രിട്ടണില്‍ 1.7ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കടുത്ത സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് ബ്രിട്ടണിലെ വീടുകള്‍ക്ക് വില കുറഞ്ഞിരുന്നു. വില കുറഞ്ഞ ബ്രിട്ടണിലെ വീടുവിപണി വീണ്ടും ഉണരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊതുവെ യൂറോപ്പിലെ വീടുവിപണി അങ്ങേയറ്റം നഷ്ടത്തിലായിരുന്നു.എന്നാല്‍ കാര്യങ്ങള്‍ക്ക് അല്പം മാറ്റമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ വീടുകളിലും മറ്റ് വസ്തുക്കളിലും പണം നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ തയ്യാറായതോടെയാണ് കാര്യങ്ങള്‍ വീടു വില്‍ക്കുന്നവര്‍ക്ക് അനുകൂലമായതെന്ന് വിദഗ്ദര്‍ വെളിപ്പെടുത്തി.
പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ താല്പര്യപ്പെടുന്നതിനെക്കാള് പഴയ നല്ല വീടുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും പുതിയ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ വില വര്‍ദ്ധിക്കുന്നത് വസ്തുവിപണിയില്‍ പ്രതീക്ഷ നല്‍കുന്നതായാണ് പല നിക്ഷേപകരും വിദഗ്ദരും വെളിപ്പെടുത്തുന്നത്. വീടുവിപണി ഉഷാറാകുന്നത് സാമ്പത്തികമാന്ദ്യം മാറുന്നതിന്റെ ആദ്യസൂചനയായി കാണാമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് മിഡ്ലാന്റ് മേഖലയില്‍ 2.9 ശതമാനം വര്‍ദ്ധനവാണ് വീടുവിലയില്‍ ഉണ്ടായിരിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയില്‍ 2.6 ശതമാനത്തിന്റെ വര്‍ദ്ധനവും ലണ്ടനില്‍ 2.3 ശതമാനത്തിന്റെ വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല