യുഎസ് ടെലിവിഷനിലെ ഏറ്റവും വലിയ ബഹുമതികളായ പ്രൈം ടൈം എമി അവാര്‍ഡുകളുടെ ഇത്തവണത്തെ പ്രഖ്യാപനം പല പ്രവചനങ്ങളും തെറ്റിച്ചു. 1960-കളിലെ ഒരു പരസ്യ ഏജന്‍സിയുടെ പശ്ചാത്തലമുള്ള മാഡ്മെന്‍ ആണ് തുടര്‍ച്ചയായ നാലാംവര്‍ഷവും ഏറ്റവും മികച്ച ഡ്രാമ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഈ അവാര്‍ഡ് നേടുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നു പരമ്പരയുടെ സ്രഷ്ടാവായ മാത്യു വെയ്നര്‍ പറഞ്ഞു. എന്നാല്‍ 19 ഇനങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും മറ്റൊരു എമിയും ഈ പരമ്പരയ്ക്ക് നേടാന്‍ കഴിഞ്ഞില്ലെന്നതു മറ്റൊരു കാര്യം.
മികച്ച കോമഡി പരമ്പരയ്ക്കുള്ള അവാര്‍ഡ് മോഡേണ്‍ ഫാമിലി എന്ന മോക്യുമെന്ററി (ഡോക്യുമെന്ററി ശൈലിയിലുള്ള ഹാസ്യചിത്രം) ആണ് നേടിയത്. ഈ പരമ്പര മൊത്തം അഞ്ച് എമികള്‍ നേടിയതും അപ്രതീക്ഷിത കൌതുകമായി. മോഡേണ്‍ ഫാമിലിക്ക് തുടരെ എമികള്‍ പ്രഖ്യാപിക്കപ്പെട്ട ചടങ്ങില്‍ ഒരിടവേളയ്ക്കു ശേഷം ആതിഥേയ ജെയ്ന്‍ ലിഞ്ച്, വെല്‍കം ബാക്ക് ടു ദ എമി അവാര്‍ഡ്സ് എന്നതിനു പകരം വെല്‍ക്കം ബാക് ടു ദ മോഡേണ്‍ ഫാമിലി അവാര്‍ഡ്സ് എന്നു പറഞ്ഞതു കരഘോഷത്തിനു കാരണമായി.
മറ്റെല്ലാ ഇനത്തിലും അവാര്‍ഡ് പൊയ്പോയെങ്കിലും ബെസ്റ് ഡ്രാമ അവാര്‍ഡ് ലഭിച്ചത് കാര്യങ്ങള്‍ സന്തുലിതാവസ്ഥയിലാക്കുന്നതായി മാഡ്മെന്‍ ശില്പ് വെയ്നര്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്യുന്നത് ആളുകള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ഈ സമ്മാനം വ്യക്തമാക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡേണ്‍ ഫാമിലിക്ക് ബെസ്റ് കോമഡി സീരീസ് അവാര്‍ഡുകൂടാതെ സംവിധാനം, രചന, സഹനടന്‍, സഹനടി അവാര്‍ഡുകളാണ് ലഭിച്ചത്. പരമ്പരയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ജൂലി ബോവനും ടൈ ബറലുമാണ് മികച്ച സഹനടീനടന്മാര്‍.
മറ്റു പ്രധാന അവാര്‍ഡുകള്‍: ഡ്രാമാ നടന്‍-കൈല്‍ ഷാന്‍ഡ്ലര്‍ (ഫ്രൈഡേ നൈറ്റ് ലൈറ്റ്സ്), നടി-ജൂലിയാന മാര്‍ഗുലീസ് (ദ ഗുഡ് വൈഫ്), കോമഡി നടന്‍-ജിം പാര്‍സണ്‍സ് (ദ ബിഗ് ബാംഗ് തിയറി). കോമഡി നടി-മെലിസ മക്കാര്‍ത്തി (മൈക്ക് ആന്‍ഡ് മോളി). മിനിപരമ്പര: ഡൌണ്‍ടണ്‍ ആബി. മിനി പരമ്പര നടന്‍-ബാരി പെപ്പര്‍ (ദ കെന്നഡീസ്). മിനിപരമ്പര നടി-കെയ്റ്റ് വിന്‍സ്ലറ്റ്. മികച്ച റിയാലിറ്റി മത്സരപരിപാടി: ദി അമേസിംഗ് റെയ്സ്. ഡ്രാമ സംവിധാനം-മാര്‍ട്ടിന്‍ സ്കോര്‍സെസി (ബോര്‍ഡ്വാക്ക് എംപയര്‍). കോമഡി സംവിധാനം-മൈക്കിള്‍ സ്പില്ലര്‍ (മോഡേണ്‍ ഫാമിലി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല