സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും ബ്രിട്ടനിൽ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്സീൻ റോൾഒൗട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിർന്ന ടോറി നേതാവും സ്ട്രാറ്റ്ഫോർഡ്-ഓൺ-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്സീൻ വിതരണത്തിന്റെ ചുമതല.
ഓക്സ്ഫെഡ്- ആസ്ട്രാ സെനിക്ക വാക്സിന്റെ 100 മില്യൺ ഡോസുകളും ഫൈസർ-ബയോൺടെക് വാക്സിന്റെ 40 മില്യൺ ഡോസുകളുമാണ് ബ്രിട്ടൻ ഇതിനോടകം ഓർഡർ നൽകിയിരിക്കുന്നത്. പരിശോധനകൾ അന്തിമഘട്ടത്തിലായ ഇവ നൽകിത്തുടങ്ങാനുള്ള അനുമതി അടുത്തയാഴ്ചയോടെ ബ്രിട്ടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യഘട്ടത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന എൻഎച്ച്എസ് സ്റ്റാഫിനാകും പ്രഥമ പരിഗണന നൽകി വാക്സീൻ ലഭ്യമാക്കുക. എല്ലാ മുന്നൊരുക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും മെഡിസിൻസ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസിയുടെ അംഗീകാരം വാക്സീന് ലഭിക്കേണ്ടതുണ്ട്.
ഫൈസർ കമ്പനിയുടെ ബൽജിയത്തിലെ ഫാക്ടറിയിൽനിന്നാകും ബ്രിട്ടന് ആവശ്യമായ വാക്സിനുകൾ എത്തിക്കുക. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട വാക്സീൻ പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളിൽ സംഭരിക്കാനുള്ള സംവിധാനം തയാറാക്കി വരികയാണ്. ലണ്ടനിലെ സെന്റ് തോമസ്, കിങ്സ് കോളജ് ആശുപത്രികൾ വാക്സീൻ ഹബ്ബുകളാക്കി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ ലോക്ക്ഡൗൺ അവസാനിക്കുന്ന ഡിസംബർ രണ്ടിന് ശേഷം രാജ്യം മുഴുവനും ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ നീണ്ടേക്കുമെന്ന അഭിപ്രായങ്ങളും സർക്കാർ വൃത്തങ്ങളിൽ നിന്ന് ഉയർന്നതിനെത്തുടർന്ന് കൺസർവേറ്റിവ് പാർട്ടി എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പാർലമെന്റിൽ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് അമ്പതോളം വരുന്ന ടോറി എംപിമാർ സർക്കാരിനെതിരെ തിരിഞ്ഞത്.
ടോറി എംപിമാരുടെ തിരിച്ചടി നേരിടുമെന്നുറപ്പായതോടെയാണ് ഫെബ്രുവരി 3 ന് പുതിയ ത്രിതല നിയന്ത്രണങ്ങൾക്ക് ശമനമുണ്ടായേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. എംപിമാർക്ക് എഴുതിയ കത്തിലൂടെയാണ് ഇക്കാര്യങ്ങൾ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ കോമൺസ് വോട്ടെടുപ്പിന് മുന്നോടിയായി സഹപ്രവർത്തകർക്ക് അയച്ച കത്തിൽ, പ്രാദേശിക പ്രദേശങ്ങൾക്കായുള്ള ഏകീകൃത നടപടികൾ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ജോൺസൺ പറഞ്ഞു.
ജനുവരി 27)ന് നടക്കുന്ന അവലോകനത്തിന് ശേഷം ഏകീകൃത സമീപനത്തെക്കുറിച്ച് പാർലമെന്റിൽ മറ്റൊരു വോട്ട് ഉണ്ടായിരിക്കും, മാർച്ച് അവസാനം വരെ നടപടികൾ നിലനിറുത്തണമോ എന്ന് തീരുമാനിക്കുന്നതിനാണ് വോട്ടെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല