യൂറോപ്പിലെ കടപ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഇറ്റലിയുടെ ക്രെഡിറ്റ് റേറ്റിംഗ് (വായ്പാ യോഗ്യത) താഴ്ത്തി. അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയ സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (എസ്ആന്‍ഡ്പി) തന്നെയാണ് ഇറ്റലിയുടേതും താഴ്ത്തിയത്. എ പ്ളസില്നിന്ന് എയിലേക്കാണ് താഴ്ത്തല്‍. ഗ്രീസിന്റെ കടപ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ വിഷയം.
ഗ്രീസിനേക്കാള്‍ പലമടങ്ങ് വലിപ്പമുള്ളതാണ് ഇറ്റലിയുടെ സമ്പദ്ഘടന. അവര്‍ക്കുണ്ടാകുന്ന ക്ഷീണം കൂടുതല്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കും. അയര്‍ലന്‍ഡ്, സൈപ്രസ്, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇക്കൊല്ലം റേറ്റിംഗ് താഴ്ത്തുകയുണ്ടായി. ഗ്രീസിന് അടുത്തമാസം 1080 കോടി ഡോളര്‍ ലഭിച്ചില്ലെങ്കില്‍ കുടിശികക്കാരാകേണ്ടിവരും.
കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ കേന്ദ്രബാങ്കും ഐഎംഎഫുംകൂടി അംഗീകരിച്ച വായ്പാപദ്ധതിയുടെ ആറാം ഗഡുവാണിത്. അത് അനുവദിക്കണമെങ്കില്‍ ഗ്രീസ് ഒരുലക്ഷം സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള ചെലവുചുരുക്കല്‍ നടപ്പാക്കണമെന്നാണ് ആ സ്ഥാപനങ്ങള്‍ വാശിപിടിക്കുന്നത്. ചെലവുചുരുക്കലുകള്ക്കെതിരേ ഗ്രീസിലുള്ള ജനാഭിപ്രായം കൂടുതല്‍ നടപടികള്‍ക്കു തടസമാണ്.
ഇറ്റലിയും കടുത്ത ചെലവുചുരുക്കലിലേക്ക് നീങ്ങാന്‍ പുതിയ റേറ്റിംഗ് താഴ്ത്തല്‍ കാരണമാകും. റേറ്റിംഗ് താഴ്ത്തിയതിനെ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി നിശിതമായി വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല