കൊച്ചി ടസ്കേഴ്സുമായുള്ള കരാര്‍ റദ്ദാക്കിയതോടെ ടീമിലെ ആഭ്യന്തര കളിക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. മലയാളി താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, പ്രശാന്ത് പരമേശ്വരന്‍, പി. പ്രശാന്ത് എന്നീ താരങ്ങളുടെ ഐപിഎല്‍ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. അതേസമയം, അന്താരാഷ്ട്ര താരമായ ശ്രീശാന്തിനെ ഇനിയും ലേലത്തില്‍ വയ്ക്കുമെന്നാണ് ബിസിസിഐ നല്കുന്ന സൂചന.
ഇപ്പോള്‍ ടീമിലുള്ള മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ധന, ബ്രാഡ് ഹോഡ്ജ്, ആര്‍.പി. സിംഗ്, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയ മുന്‍നിര താരങ്ങളെ വീണ്ടും ലേലത്തില്‍വയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന നാലു താരങ്ങളെ ഫ്രാഞ്ചൈസികള്‍ അവരുടെ ടീമില്‍ ചേര്‍ക്കണമെന്ന നിബന്ധനയുണ്ട്. അതുപ്രകാരമാണ് റൈഫിയടക്കമുള്ള താരങ്ങള്‍ ടീമിലെത്തിയത്. എന്നാല്‍, ടീം ഇല്ലാതാകുന്നതോടെ ഇവരുടെ പ്രതീക്ഷയും അസ്തമിക്കും. അതേസമയം, ഇവരെയും ലേലത്തില്‍ വച്ചേക്കുമെന്ന സൂചനയും ബിസിസിഐയുടെ ചിലകേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ത്തന്നെ നിരവധി മികച്ച താരങ്ങള്‍ തങ്ങളുടെ ടീമില്‍ ഉണ്െടന്നിരിക്കേ ഇവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നതാണ് ചിന്താവിഷയം.
അതിനിടെ, തിങ്കളാഴ്ച നടന്ന ബിസിസിഐ യോഗത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ എണ്ണം 10ല്‍നിന്ന് ഒമ്പതാക്കണമെന്ന ആശയം വിവിധ അംഗങ്ങള്‍ ഉന്നയിച്ചു. നടത്തിപ്പ് കൂടുതല്‍ സുഗമമാകണമെങ്കില്‍ അതാണു നല്ലതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയതായി ചുമതലയേറ്റ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയ്ക്ക് തുടക്കത്തിലേ ഒരു വിവാദത്തിനും നിയമയുദ്ധങ്ങള്‍ക്കും താത്പര്യമില്ലെന്നാണ് അറിവ്.
എന്തായാലും അടുത്ത മാസം നടക്കുന്ന ഐപിഎല്‍ ഗവേണിംഗ് കൌണ്‍സിലിന്റെ യോഗം നിര്‍ണായകമാകും. ഈ യോഗത്തില്‍ ടീമിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. അതിനിടെ, 27നുമുമ്പ് ബാങ്ക് ഗാരന്റിക്കുള്ള ഗഡുതുകയായ 156 കോടി ബിസിസിഐക്കു നല്‍കുമെന്ന് ടീം ഉടമകള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല